14 May, 2020 04:30:00 PM


പേരൂര്‍ തൂക്കുപാലത്തിന് താഴെ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു



കോട്ടയം: പേരൂര്‍ കിണറ്റിന്‍മൂട് തൂക്കുപാലത്തിനു താഴെ മീനച്ചിലാറ്റില്‍ മൈലപ്പള്ളി കടവില്‍ സുഹൃത്തിനോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പൂവന്‍തുരുത്ത് കാലായിപറമ്പില്‍ ലൈവിയുടെയും മഞ്ചുവിന്‍റെയും മകന്‍ ഗൌതം ലൈവി (21) ആണ് കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.50 മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും കൂടി നടത്തിയ തിരച്ചിലിനൊടുവില്‍ 6.45 മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. എറണാകുളത്ത് വിദ്യാര്‍ത്ഥിയാണ് മരിച്ച ഗൌതം.


കൂടെ വെള്ളത്തിലിറങ്ങിയ സുഹൃത്ത് അനന്ദന്‍ നോക്കിയപ്പോള്‍ ഗൌതം മുങ്ങിതാഴുന്നതാണ് കണ്ടത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും ഗൌതമിനെ രക്ഷിക്കാനായില്ല. ഇതിനിടെ മണര്‍കാട് പോലീസ് എസ്എച്ച്ഓ രതീഷ്കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. മഴപെയ്ത് പുഴയില്‍ നല്ല അടിയൊഴുക്ക് ഉള്ളതിനാല്‍ തെരച്ചില്‍ ഏറെ ശ്രമകരമായി. കടവില്‍നിന്നും ഏതാണ്ട് 20 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെടുത്തത്. മ‍ൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


മീനച്ചിലാറ്റില്‍ ഏറെ അപകടം പതിയിരിക്കുന്ന മേഖലയാണിത്. കഴിഞ്ഞ നവംബര്‍ 15ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത് ഇതേ കടവിലാണ്. പുതുപ്പള്ളി ഐ എച്ച് ആർ ഡി കോളേജില്‍ ബയോമെട്രിക്സ് രണ്ടാം സെമസ്റ്റര്‍ വിദ്യാർത്ഥികളായ ചിങ്ങവനം കേളചന്ദ്രപറമ്പില്‍ അലൻ കെ.സി.(18), മീനടം വട്ടകുന്ന് കൊടുവള്ളില്‍ ഷിബിൻ ജേക്കബ് (18) പുതുപ്പള്ളി കൈതേപ്പാലം കാടമുറി കുന്നപ്പള്ളിയില്‍ അശ്വിന്‍ കെ പ്രസാദ് (18) എന്നിവരാണ് അന്ന് മരിച്ചത്. തൂക്കുപാലത്തിന് കീഴിലൂടെ നടന്നപ്പോള്‍ ശരീരത്ത് പുരണ്ട ചെളി കഴുകി കളയുന്നതിന് ആറ്റില്‍ ഇറങ്ങിയ ഒരു കുട്ടി കാൽ വഴുതി വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും വെള്ളത്തില്‍ മുങ്ങി താഴ്ന്നത്.   




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.5K