12 May, 2020 10:47:19 PM


ക്വാറന്‍റയിനിലെ പ്രവാസികൾക്ക് സാന്ത്വനം പകർന്ന് മോൻസ് ജോസഫ് എംഎൽഎ



കടുത്തുരുത്തി: വിദേശങ്ങളില്‍നിന്നും മടങ്ങിയെത്തി കോതനല്ലൂർ തൂവാനീസ ധ്യാന കേന്ദ്രത്തില്‍ സജ്ജമാക്കിയ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രത്തില്‍ ക്വാറന്‍റീനിൽ താമസിക്കുന്നവര്‍ക്ക് സ്വാന്തനവും, ആത്മ വിശ്വാസവും നൽകിക്കൊണ്ട് അഡ്വ മോൻസ് ജോസഫ് എംഎൽഎ സന്ദര്‍ശനം നടത്തി.  ക്വാറന്‍റയിൻ ജീവിതത്തിന്‍റെ ഏകാന്തതയിൽ നിന്ന് മോചനവും, ആശ്വാസവും ലഭിക്കാൻ സഹായകമാകും വിധം ഇവിടെ താമസിക്കുന്ന 44 പേർക്കും കൊടുക്കാൻ വേണ്ടി തെരഞ്ഞെടുക്കപെട്ട 44 പുസ്തകങ്ങളുമായിട്ടാണ് മോൻസ് ജോസഫ് എത്തിചേര്‍ന്നത്.

  
മുൻ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൾ കലാമിന്‍റെ അഗ്നിച്ചിറകുകൾ, ബെന്യാമിന്‍റെ ആട് ജീവിതം എന്നിവയും, പ്രമുഖരായ ഡോ. സുകുമാർ അഴീക്കോട്, സി രാധാകൃഷ്ണൻ, യു എ ഖാദർ, പി വത്സല, കേശവദേവ്, മുട്ടത്തു വർക്കി, മലയാറ്റൂർ, എം മുകുന്ദൻ, കെ ആർ മീര, പ്രൊഫ കെ വി തോമസ്, ഡോ സിറിയക് തോമസ്, ഡോ എ ടി ദേവസ്യതുടങ്ങിയവരുടെ ശ്രദ്ധേയമായ പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങള്‍ വീട്ടിലെ ഗ്രന്ഥ ശേഖരത്തിൽ നിന്ന് എംഎൽ എ യുടെ ഭാര്യ സോണിയയാണ് തെരഞ്ഞെടുത്ത് നൽകിയത്.


തുവാനീസ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജിബിൻ കുഴിവേലിക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ജീവ ചരിത്ര ഗ്രന്ഥം കൈമാറിക്കൊണ്ട്  "ക്വാറന്‍റയിനിലേക്ക് പുസ്തകങ്ങൾ" എന്ന കർമ്മപരിപാടിക്ക് മോൻസ് ജോസഫ് എംഎൽഎ തുടക്കം കുറിച്ചു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി എം ജോർജ്, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ലൂക്കോസ് മാക്കീൽ, ബാങ്ക് വൈസ്  പ്രസിഡന്‍റ് ജോൺ നീലംപറമ്പിൽ, കുഞ്ഞുമോൻ പുളിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയി ഇമ്മാനുവൽ, ടോമി കാറുകുളം എന്നിവരും എംഎൽഎ യോടൊപ്പം പുസ്തകങ്ങൾ കൈമാറി.


തുവാനീസ സെന്‍ററിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരുടെയും റവന്യൂ ജീവനക്കാരുടെയും സജീവ സേവനത്തിന് എംഎൽഎ നന്ദി അറിയിച്ചു. പൊതു മൈക്കിലൂടെ ക്വാറന്‍റയിനിൽ ഉള്ളവർക്ക് മോൻസ് ജോസഫിന്‍റെ സന്ദേശം എത്തിച്ചു. ഓരോരുത്തർക്കും ലഭിക്കുന്ന പുസ്തകങ്ങൾ സ്വന്തമായി സൂക്ഷിക്കണമെന്നും തിരികെ ഏല്‍പ്പിക്കേണ്ടതില്ലെന്നും മറ്റുള്ളവരുമായി കൈമാറ്റം ചെയ്യരുതെന്നും എംഎൽഎ നിര്‍ദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K