12 May, 2020 08:35:47 PM
കോട്ടയത്ത് നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജം: പഞ്ചായത്തുകള്‍ക്ക് പ്രതിസന്ധിയില്ല; ജാഗ്രത തുടരണം - കളക്ടര്‍
കോട്ടയം: വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്നവരെ ഹോം ക്വാറന്‍റയിനില്‍ പാര്‍പ്പിക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നത് വീട്ടില്‍തന്നെയാണെങ്കില്‍ കുടുംബാംഗങ്ങളും അയല്‍ക്കാരും നാട്ടുകാരും വാര്‍ഡ്തല നിരീക്ഷണ സമിതികളും ഉള്‍പ്പെടെ നിരവധി പേരുടെ ശ്രദ്ധ അവരുടെ മേലുണ്ടാകും. ലോക് ഡൗണ്‍ കാലത്തിനു മുന്‍പ് ധാരാളം പേര്‍ കേരളത്തില്‍ എത്തിയപ്പോള്‍ സമൂഹ വ്യാപനം ഫലപ്രദമായി തടഞ്ഞത് ഹോം ക്വാറന്‍റയിന്‍ വഴിയാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍നിന്നു വന്ന കുട്ടികള്‍
നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നവരെ വീടുകളിലേക്ക് അയച്ചത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. തമിഴ്നാട്ടില്‍നിന്നും കോട്ടയം ജില്ലയിലെത്തിയ വിദ്യാര്‍ഥികള്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിയില്ലെന്നും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപങ്ങളുണ്ട്.
മുന്‍പ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിരീക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ മാത്രമല്ല, പലരും ഇത് പാലിക്കാതിരുന്നിട്ടുണ്ട്. എന്നാല്‍ ചുരുങ്ങിയ സമയംകൊണ്ട് ഇത്തരം ആളുകളെ കണ്ടെത്തുകയും തമിഴ്നാട്ടില്‍നിന്ന് വന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍തന്നെ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
റെഡ് സോണില്‍ നിന്ന് വന്നവര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയില്‍ തുടരേണ്ടതില്ലെന്ന നിര്‍ദേശം വന്നതിനാല്‍ അവരെ നിരീക്ഷണകേന്ദ്രത്തിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശുപാര്‍ശപ്രകാരമാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പാസ് നല്‍കുന്നത്. ഇങ്ങനെ വരുന്നവര്‍ നിരീക്ഷണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ കേന്ദ്രങ്ങളിലും വിവരം ലഭിക്കും.
ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് നിരീക്ഷണ സമിതികളെയോ പഞ്ചായത്തുകളിലോ അറിയിക്കാം. ഇങ്ങനെയുള്ളവരെ നിര്‍ബന്ധമായും നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റും.
നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജം
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് ജില്ലയില്‍ നിരവധി നീരിക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കേണ്ടത്. കണ്ടെത്തിയവയില്‍ സ്വകാര്യസ്ഥാപനങ്ങളും ലോഡ്ജുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമൊക്കെയുണ്ട്. ആളുകള്‍ വരുന്നതനുസരിച്ച് ഇവ ലഭ്യമാക്കും. നിലവില്‍ 19 നിരീക്ഷണ കേന്ദ്രങ്ങളിലായി 295 പേരുണ്ട്.
പഞ്ചായത്തുകള്‍ക്ക് പ്രതിസന്ധിയില്ല
നിരീക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ അതാത് പഞ്ചായത്തുകള്‍ക്ക് ഈ ചിലവ് വഹിക്കാനാകുമോ എന്ന ചോദ്യവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് ഈ ആവശ്യത്തിനായി പണം ചിലവിടാം. പദ്ധതി വിഹിതത്തില്‍നിന്ന് പ്രോജക്ട് വച്ച് ചിലവഴിക്കാനും കഴിയും.
ചിലവഴിക്കുന്ന തുകയുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ സര്‍ക്കാരിലേക്ക് അയച്ചാല്‍ സാന്പത്തിക സഹായം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ക്ക് യാതൊരു പ്രതിസന്ധിയുമില്ല. നിലവില്‍ പ്രവാസികള്‍ താമസിക്കുന്ന കോതനല്ലൂരിലെ കേന്ദ്രത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന മാഞ്ഞൂര്‍ പഞ്ചായത്തിന് തനതു ഫണ്ടില്‍ 65 ലക്ഷം രൂപയുണ്ട്. ഇതില്‍ 60,000 രൂപ മാത്രമാണ് ഇതു വരെ ചെലവായിട്ടുള്ളത്.
ഭരണങ്ങാനത്തെ കേന്ദ്രം സൗകര്യങ്ങളുള്ളത്
വിദേശത്തുനിന്ന് വരുന്നവരെ ക്വാറന്‍റയിനില്‍ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുന്നത് പ്രത്യേക മാദനണ്ഡങ്ങള്‍ പാലിച്ചാണ്. ഇതേ മാനദണ്ഡങ്ങളനുസരിച്ചാണ് ഭരണങ്ങാനത്തെ നിരീക്ഷണ കേന്ദ്രവും സജ്ജീകരിച്ചത്.എന്നാല്‍ മാലിദ്വീപില്‍നിന്ന് ഇവിടെയെത്തിയ പ്രവാസികള്‍ക്ക് അസൗകര്യങ്ങള്‍ നേരിട്ടതായി പറയപ്പെടുന്നു. അവര്‍ എത്തിയ സമയത്ത് ഇടിമിന്നല്‍ മൂലം അവിടെ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാകാം അവര്‍ക്ക് അവിടെ സൗകര്യപ്രദമല്ലെന്ന തോന്നലുണ്ടായത്.
മുറികളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്‍റുകളില്ലെന്നത് ന്യൂനതയായി പരാമര്‍ശിക്കുകയുണ്ടായി. പ്ലഗ് പോയിന്‍റുകള്‍ അടുത്ത ദിവസത്തേക്ക് ക്രമീകരിക്കാനാകുമായിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ബന്ധപൂര്‍വ്വം അവിടെ താമസിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത സാഹചര്യത്തില്‍ പ്രവാസികളുടെ വികാരം മാനിച്ച് അവിടെനിന്നും മാറ്റുകയായിരുന്നു. പ്രവാസികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സ്ഥാപനത്തിന്‍റെ അധികൃതര്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.
സോണ്‍ മാറ്റത്തേക്കാള്‍ പ്രധാനം ജാഗ്രത
കോവിഡ് സോണുകളില്‍ മാറ്റം വരുത്തുന്നതിന് തീരുമാനമെടുക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയാണ്. പുറത്തുനിന്ന് ധാരാളം പേര്‍ ഇവിടേക്ക് വരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുണ്ടാകാം. അതുകൊണ്ടുതന്നെ നമ്മള്‍ ഏതു സോണിലാണ് എന്നതിനേക്കാള്‍ പ്രധാനം ജാഗ്രത തുടരുകയാണ്.
പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ടുള്ള പ്രതിരോധം പ്രായോഗികമല്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്ക് നിയന്ത്രിതമായ രീതിയില്‍ പ്രവേശനം അനുവദിക്കുകയും അതോടൊപ്പം വരുന്നവരും നാട്ടിലുള്ളവരും അതീവ ജാഗ്രത പാലിക്കുകയും ചെയ്യുകയാണ് വേണ്ടത് - കളക്ടർ പറഞ്ഞു