08 May, 2020 07:10:00 PM
അന്യസംസ്ഥാനങ്ങളില്‍ നിന്നും 733 പേര്‍ കോട്ടയത്തെത്തി; 1792 പേര്‍ ഗൃഹനിരീക്ഷണത്തില്‍
കോട്ടയം: മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കോട്ടയം ജില്ലക്കാരായ 733 പേര്‍ ഇതുവരെ കേരളത്തിലെത്തി. ജില്ലയിലേക്ക് വരാനുള്ള 797 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയത്. ഇനി 1745 അപേക്ഷകളാണ് പരിഗണിക്കാനുള്ളത്. വിവിധ ചെക് പോസ്റ്റുകള്‍വഴി ഇതുവരെ വന്നവര്‍: ആര്യങ്കാവ് - 58, ഇഞ്ചിവിള - 8, കുമളി - 200, മഞ്ചേശ്വരം - 93, മുത്തങ്ങ - 31, വാളയാര്‍ - 343.
ജില്ലയില്‍ ഇന്ന് നിര്‍ദേശിക്കപ്പെട്ട 68 പേരുള്‍പ്പെടെ ആകെ 1792 പേരാണ് ഹോം ക്വാറന്‍റയിനിലുള്ളത്. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് 56 പേര്‍ ഒഴിവാക്കപ്പെട്ടു. ഇന്നുവരെ 2009 പേരാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായത്. ഇന്ന് ഫലം വന്ന 29 സാമ്പിളും നെഗറ്റീവ് ആയിരുന്നു. ഇന്ന് 7 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ആശ്വാസ വാക്കുകളും നിര്‍ദ്ദേശങ്ങളുമായി ജില്ലാ കളക്ടര്‍
കാത്തിരിപ്പിനൊടുവില്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തിയിട്ടും വീട്ടിലേക്ക് പോകാനാകാതെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ വാക്കുകളുമായി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ കത്ത്. ഉറ്റവരെ കാണാനാകാതെ പൊതുസമ്പര്‍ക്കം ഒഴിവാക്കി താമസിക്കുന്നത് സ്വന്തം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷിത ഭാവിക്കുവേണ്ടിയാണെന്ന് അദ്ദേഹം പ്രവാസികളെ ഓര്‍മിപ്പിക്കുന്നു.
കൊറോണ വൈറസ് ബാധിച്ചാല്‍ പലരിലും പുറമെ രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ ഒരാള്‍ വൈറസ് ബാധിതനാണെങ്കില്‍ ആയാളുടെ പ്രിയപ്പെട്ടവര്‍ക്കും, അവരിലൂടെ മറ്റുള്ളവര്‍ക്കും രോഗം പകരാം. അത് തടയുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കണം-കളക്ടര്‍ നിര്‍ദേശിക്കുന്നു.
രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും രോഗപ്രതിരോധനത്തിന്‍റെ ഭാഗമായി പാലിക്കേണ്ട ചുവടെപറയുന്ന നിര്‍ദേശങ്ങളും കത്തിലുണ്ട്. വിദേശത്തുനിന്നെത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ സെന്‍ററില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്ത കത്തുകള്‍ നിരീക്ഷണ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവര്‍ക്കും നല്‍കും.
# സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന കോവിഡ് പരിചരണ കേന്ദ്രത്തില്‍ തന്നെ 14 ദിവസം കഴിയുക.
# കൈകളും മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
# മാസ്ക് നിര്‍ബന്ധമായും ധരിക്കുക. ഉപയോഗിച്ച മാസ്ക് വലിച്ചെറിയാതെ ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യുക.
# സന്ദര്‍ശകരെ അനുവദിക്കുകയോ മറ്റു മുറികളിലുള്ളവരുമായി ബന്ധപ്പെടുകയോ ചെയ്യരുത്.
# എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാതെ ജനലുകള്‍ പരമാവധി തുറന്നിട്ട് മുറിക്കുള്ളില്‍ വായു സഞ്ചാരം ഉറപ്പുവരുത്തണം.
# മറ്റുള്ളവരുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കുക.
# വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനില്‍ കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കിവെച്ചതിനുശേഷം കഴുകണം (ഒരു ലിറ്റര്‍ വെള്ളത്തിന് മൂന്നു ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയതിന്‍റെ തെളിലായനി മതിയാകും). ഉപയോഗിച്ച സാധനങ്ങള്‍ പങ്കുവയ്ക്കരുത്.
# തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂക്കും വായും മൂടണം.
# സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ തുടരുകയും, നിലവിലെ ആരോഗ്യ പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യുക.