07 May, 2020 08:05:51 PM
കോട്ടയത്തേക്ക് 14 പ്രവാസികള്‍ ഇന്ന് എത്തും; ഏഴ് പേര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക്
കോട്ടയം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയശേഷം നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം ജില്ലയില്‍നിന്നുള്ള 14 പ്രവാസികള്‍ ഇന്ന് രാത്രി എത്തിച്ചേരും. ഇതില്‍ നാലു ഗര്‍ഭിണികളും രണ്ടു കുട്ടികളും 77 വയസുള്ള ഒരാളും ഉള്‍പ്പെടുന്നു. 13 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഒരാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് എത്തുക.
ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങി ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളില്‍ പെടുന്നവരെ പൊതുസമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നതിന് അനുവദിക്കും. മറ്റുള്ളവരെ കോട്ടയത്ത് എത്തിച്ച് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇന്ന് രാത്രി എത്തുന്ന എല്ലാവരെയും ഒരേ കേന്ദ്രത്തിലായിരിക്കും താമസിപ്പിക്കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
വീടുകളില്‍ കഴിയുന്നവരും നിരീക്ഷണ കേന്ദ്രങ്ങളിലുള്ളവരും ക്വാറന്‍റയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ക്വാറന്‍റൈനിലേക്ക് മാറ്റുന്നവര്‍ക്കുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കളക്ടർമാർ ഒരുക്കും.
അതേസമയം, പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്‍റൈനിൽ കഴിയണമെന്ന് നോർക്കയുടെ പുതിയ ഉത്തരവില്‍ പറയുന്നു. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം സർക്കാർ ക്വാറന്‍റൈനിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്കയക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്‍റൈനിൽ കഴിയണം.