07 May, 2020 08:22:48 AM
കോട്ടയം ജില്ലയില്‍ 257 ഇടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം തുടങ്ങി
കോട്ടയം: ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടത്തില്‍ നിര്‍ത്തി വെച്ചിരുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയില്‍ പുനരാരംഭിച്ചു. ഹോട്ട് സ്‌പോട്ട് പഞ്ചായത്തുകളെ ഒഴിവാക്കി, ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായതുകളിലെ 257 സ്ഥലങ്ങളിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പൊലെ ഇത്തവണയും ഉല്‍പാദനക്ഷമവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ആസ്തികള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് കോട്ടയം ജോയിന്റ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി എസ്. ഷിനൊ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയുടെ കീഴില്‍ കോട്ടയം ജില്ലയില്‍ നൂതന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവണ്‍മെന്‍റ് സ്‌കൂളുകളില്‍ അടുക്കള, ഡൈനിങ്ങ് ഹാള്‍, ചുറ്റുമതില്‍, കളിസ്ഥലം എന്നിവ നിര്‍മ്മിച്ചിരുന്നു. കൂടാതെ ജില്ലയില്‍ 5 അംഗന്‍വാടികള്‍ നിര്‍മ്മിക്കുകയും 26 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്തിരുന്നു. നിലവില്‍ ആരംഭിച്ച 257 പ്രവര്‍ത്തനങ്ങളില്‍ 93 എണ്ണം പാര്‍പ്പിട നിര്‍മ്മാണമായി ബന്ധപ്പെട്ടതും 45 എണ്ണം കാലിത്തൊഴുത്ത്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത ജീവനോപാധികളുമായി ബന്ധപ്പെട്ടതുമാണ്. ഇവ കൂടാതെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളായ പൊതുകുളങ്ങളുടെയും തോടുകളുടെയും പുനരുദ്ധാരണം, കനാലുകളുടെ ശുചീകരണം, കയര്‍ ഭൂവസ്ത്ര പ്രയോഗം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്യുന്നു.
എല്ലാ തൊഴിലിടങ്ങളിലും മസ്റ്റര്‍ റോള്‍ നല്‍കി കഴിഞ്ഞെന്നും വൈറസ് പ്രതിരോധത്തിനായി മുഖാവരണം, കൈ കഴുകാന്‍ സോപ്പ് എന്നിവയും പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ടെന്നും കോഡിനേറ്റര്‍ അറിയിച്ചു. സാമൂഹിക അകലം കര്‍ശനമായി പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചതന്ന് ഷിനൊ അറിയിച്ചു. 2020-2021 സമ്പത്തിക വര്‍ഷം 3873956 തൊഴില്‍ ദിനങ്ങള്‍ സ്യഷ്ടിക്കുന്നതിനായുള്ള ലേബര്‍ ബജറ്റിനാണ് കേന്ദ്ര ഗവണ്മെന്റ് അനുമതി നല്‍കിയിരിക്കുന്നത്. ജില്ലയില്‍ ആകെ 1,95,152 പേര്‍ തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ 77,258 തൊഴില്‍ കാര്‍ഡ് ഉടമകള്‍ മാത്രമേ സജീവമായി പ്രവര്‍ത്തിക്കുന്നുള്ളൂ.
ഈ പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ 62.32 ശരാശരി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തായിരുന്നു. ജില്ലയില്‍ 61,672 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതില്‍ 14,724 കുടുംബങ്ങള്‍ 100 ദിവസം പൂര്‍ത്തീകരിച്ചിരുന്നു. വൈകിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും ഹരിതകേരളം പദ്ധതിയുടെ കീഴില്‍ 2020 സെപ്റ്റംബറിന് മുന്‍പായി 2 ലക്ഷം ഫല വ്യക്ഷ തൈകള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനും ലക്ഷ്യമിട്ടിട്ടുണ്ട്