06 May, 2020 08:51:14 PM
പേമാരിയും കാറ്റും: കോട്ടയം ജില്ലയില്‍ പരക്കെ നാശനഷ്ടം; മുണ്ടക്കയത്ത് വീടുകള്‍ തകര്‍ന്നു
കോട്ടയം: ജില്ലയില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ ആഞ്ഞുവീശിയ കാറ്റിലും പേമാരിയിലും വന്‍നാശനഷ്ടങ്ങല്‍. ജില്ലയുടെ കിഴക്കന്‍ മേഖലകളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളിലാണ് ഏറെ കാറ്റിൽ നാശനഷ്ടമുണ്ടായത്. രണ്ട് വീടുകൾ തകർന്നു. വ്യാപകമായ തോതില്‍ കൃഷിനാശവുമുണ്ടായി. നാരകംപുഴ ഞാവക്കാട്ട് മേരിയുടെ വീടിന്‍റെ മേൽക്കൂരയും ഷീറ്റുകളും കാറ്റിൽ പറന്നുപോയി. വൃദ്ധയായ മേരി ഒറ്റക്ക് താമസിക്കുന്ന വീടാണ്.
കൂട്ടിക്കൽ, 'വെട്ടുകിളത്തു പാറയ്ക്കൽ സുനിത രാമകൃഷ്ണന്‍റെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. നരകംപുഴ, കൊച്ചിയിൽ ഫിലിപ്പിന്‍റെ കൃഷിയിടത്തിലേക്ക് സമീപ പുരയിടത്തിലെ റബ്ബർ ഒടിഞ്ഞു വീണു. പള്ളി വാതുക്കൽ ബാബുവിന്‍റെ പുരയിടത്തിലെ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു. കൂട്ടിക്കൽ-മുണ്ടക്കയം റോഡിൽ വേലനിലം എൽ.പി. സ്കൂളിന് സമീപം വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് വീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കൊടികുത്തിയിൽ റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു.
കാഞ്ഞിരപ്പള്ളി മേഖലയിൽ 30 വീടുകകളാണ് കാറ്റില്‍ തകർന്നത്. ഏറ്റുമാനൂരിനടുത്ത് പേരൂര്‍ ചാമേലിക്കുഴിയില്‍ പുരയിടത്തില്‍നിന്ന തേക്കുമരം റോഡിലേക്ക് ഒടിഞ്ഞ് വീണ് വൈദ്യുതിപോസ്റ്റ് തകര്‍ന്നു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മേഖലയില്‍ വൈദ്യുതിവിതരണവും സ്തംഭിച്ചു.