04 May, 2020 05:04:18 PM
വീട്ടിൽനിന്നും വഴക്കിട്ടിറങ്ങിയ പതിനേഴുകാരൻ റെയിൽവെ ട്രാക്കിലൂടെ നടന്നത് 50 കിലോമീറ്റർ
കോട്ടയം: വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയ പതിനേഴുകാരൻ റെയിൽവെ ട്രാക്കിലൂടെ നടന്നത് 50 കിലോമീറ്റർ. കോവിഡ് കാലത്ത് മാസ്കില്ലാതെ നടക്കുന്നത് കണ്ട പോലീസ് പിടികൂടി വിദ്യാര്‍ത്ഥിയെ അവസാനം വീട്ടിലെത്തിച്ചു. കോട്ടയം ജില്ലയിലെ കുറുപ്പന്തറ മാഞ്ഞൂരില്‍ നിന്നാണ് വിദ്യാര്‍ത്ഥി വീട് വിട്ടിറങ്ങിയത്. പഠിക്കാന് പറഞ്ഞതിനെ തുടര്‍ന്നാണത്രേ കുട്ടി വീടുവിട്ടിറങ്ങിയത്. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിലെത്തി അവിടെ നിന്നും റയില്‍വേ ട്രാക്കിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് നടന്ന കൌമാരക്കാരന്‍ തിരുവല്ലയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.
കുട്ടിയെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും പല സംഘങ്ങളായി തിരിഞ്ഞ് നാട്ടിലാകെ തിരച്ചിൽ നടത്തി. കടുത്തുരുത്തി പോലീസിലും പരാതി നല്‍കി. സമീപപ്രദേശങ്ങളിലെ സിസി ടിവി കാമറകള്‍ പൊലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പിറ്റേന്ന് വൈകിട്ട് നാല് മണിയോടെയാണ് തിരുവല്ല പൊലീസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്തപ്പോഴാണ് വീട്ടുകാരോടു പിണങ്ങി വീടുവിട്ടതാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞത്. പിന്നാലെ കടുത്തുരുത്തി പൊലീസിനെ വിവരം അറിയിക്കുകയും വിദ്യാര്‍ത്ഥിയെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥി ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.