03 May, 2020 11:42:08 PM
പറത്താനത്ത് ഗുണ്ടാ അക്രമണം: 9 പേർ അറസ്റ്റിൽ; മറ്റുള്ളവര്‍ക്കായി തെരച്ചിൽ ശക്തമാക്കി
മുണ്ടക്കയം: പറത്താനം ടൗണിലും വ്യാപാര സ്ഥാപനത്തിലും അക്രമം നടത്തിയ സംഭവമുമായി ബന്ധപെട്ടു 9 പേര്‍ അറസ്റ്റില്‍. ഒളിവിലുള്ള 6 പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ഇവര്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കൂട്ടിക്കൽ പുതുപ്പറമ്പിൽ അനസ് നൗഷാദ് (ചിക്കൂ - 30), കൊക്കയാർ നാരകം പുഴ പാലകുന്നേൽ സാദിക് അഷറഫ് (27), ഇളങ്കാട് ആലസംപാട്ടിൽ മുഹമ്മദ് അൻവർഷ (23), കൂട്ടിക്കൽ പാറക്കൽ സക്കരിയ ഷുക്കൂർ (ഹാജ-25), മുക്കുളം താഴത്തങ്ങാടി കടുംബശേരിൽ ഷിബിൻ ബാബു (22), ഇളങ്കാട് പുതിയ കത്ത് റാഷിദ് ഇസ്മയിൽ (24), കൂട്ടിക്കൽ പുതുറമ്പിൽ മുഹമ്മദ് രിഫായി (അപ്പി -20), പാറത്തോട് പുത്തൻവീട്ടിൽ അൽതാഫ് ഷാമോൻ (19), പറത്താനത്ത് താമസിക്കുന്ന പാറത്തോട് പാലമ്പ്ര കോഴികുന്നേൽ സൂര്യജിത്ത് സോമൻ (19) എന്നിവരെയാണ് സി.ഐ. വി. ഷിബുകുമാർ, എസ്.ഐ. കെ.ജെ.മാമൻ എന്നിവർ ചേർന്നു അറസ്റ്റു ചെയ്തത്.
ഇവർ സഞ്ചരിച്ച ഇന്നോവ കാർ, പിക് അപ്പ് ജീപ്പ് എന്നിവയും വടിവാൾ, ഇരുമ്പു വടി, പിച്ചാത്തി, സൈക്കിൾ ചെയിൻ അടക്കം മാരകായുധങ്ങളും പിടിച്ചെടുത്തു. സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ.
ശനിയാഴ്ച രാവിലെ 9.30 ഓടെ പറത്താനത്ത് പ്രതികളായ അനസ്, സാദിക് എന്നിവർ എത്തുകയും യാതൊരു കാരണവുമില്ലാതെ ടൗണിൽ നിന്നവരെ അസഭ്യം പറയുകയുമായിരുന്നു. കൂടാതെ അവിടെ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷ നശിപ്പിക്കാനൊരുങ്ങുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഇവർ അക്രമിച്ചു. നാട്ടുകാർ ഇവരെ കൈകാര്യം ചെയ്തതോടെ ഇരുവരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപ് ഇത്തരത്തിൽ ഇവർ സംഘർഷമുണ്ടാക്കിയിരുന്നതായും പറയുന്നു. തിരിച്ചടിക്കുമെന്നു പറഞ്ഞായിരുന്നു രണ്ടംഗ സംഘം മടങ്ങിയത്. ഉച്ചയ്ക്ക് 12ഓടെ ഇന്നോവ, ആൾട്ടോ 800, പിക് അപ്പ് ജീപ്പ് എന്നീ വാഹനങ്ങളിലെത്തിയ സംഘം സിനിമ സ്റ്റൈലിൽ അക്രമം നടത്തുകയായിരുന്നു.
വാഹനത്തില്‍ നിന്നിറങ്ങിയ 20 ഓളം പേർ കാറിൽ സൂക്ഷിച്ചിരുന്ന കല്ലു ഉപയോഗിച്ചു എറിയുകയായിരുന്നു. സമീപത്തു ചായക്കടയുടെ സമീപത്ത് സൂക്ഷിച്ചിരുന്ന മേശയും കസേരയുമെല്ലാം അടിച്ചു തകർത്ത സംഘം വടിവാളും ഇരുമ്പു കമ്പിയും ചുഴറ്റിയായിരുന്നു അക്രമം. കടയിൽ സാധനം വാങ്ങാനെത്തിയവരെയും അക്രമിച്ചു. ചായക്കടയുടെ പുറത്തു സൂക്ഷിച്ചിരുന്ന വിറക് എടുത്തു കണ്ടവരെ എല്ലാം അടിച്ചു. കൂടാതെ തുണിയിൽ കല്ലു കെട്ടി അതുപയോഗിച്ചും അക്രമം നടത്തിയത്രെ. അപ്രതീക്ഷിതമായി ഉണ്ടായ അക്രമത്തെ തുടർന്നു ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. 20 മിനിറ്റ് നേരം ബഹളം ഉണ്ടാക്കിയ സംഘം വാഹനത്തിൽ കയറി രക്ഷപെട്ടു.
ഇതിനിടയിൽ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പൊലീസ് കൂട്ടിക്കൽ - താളുങ്കൽ വഴി എത്തുകയും കാവാലിയിൽ വച്ച് വാഹനം തടയുകയുമായിരുന്നു. ഇതോടെ പൊലീസിന് നേരെ തിരിഞ്ഞ സംഘത്തെ മൽപിടുത്തത്തിലൂടെയാണ് കീഴ്പെടുത്തിയത്. ഇതിൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികളിൽ ചിലർ കഞ്ചാവ് , അടിപിടി - മോഷണ കേസുകളിൽ പ്രതികളാണന്നു പൊലീസ് പറഞ്ഞു. പാലക്കാട് ഹാഷിഷ് ഓയിലും കഞ്ചാവും കടത്തിയ കേസിൽ അനസ് നൗഷാദും, പാലക്കാട് എട്ടുകിലോ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച കേസിൽ സാദിക്കും ഈരാറ്റുപേട്ടയിൽ കഞ്ചാവുമായി പിടികൂടിയ കേസിൽ സക്കരിയ ഷുക്കുറും ജയിൽ വാസം അനുഷ്ടിച്ചിട്ടുണ്ട്.
അൽത്താഫ് ഷാമോൻ, മുഹമ്മദ് രിഫായി എന്നിവരെ 4 മാസം മുൻപ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഷിബിൻ ബാബുവും സൂര്യജിത്തും മോഷണ - അടിപിടി കേസുകളിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. സംഘത്തിൻ്റെ അക്രമത്തിൽ പറത്താനം കുന്നേപറമ്പിൽ ദീപു, കലയത്തോലിയിൽ തങ്കച്ചൻ, മകൻ മിഥുൻ പറത്താനം സ്വദേശികളായ രാഹുൽ ,ജിബിൻ, രഞ്ജിത്ത്, ജോബിൻ സബിൻ എന്നിവർക്ക് പരിക്കേറ്റു.
അക്രമത്തിനു ശേഷം കാറിൽ മുങ്ങിയ മറ്റു പേർക്കായി തിരച്ചിൽ ശക്തമാക്കിയതായും ഇവർക്കെതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ 9 പേരെ കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എസ്.ഐ. മാരായ മാത്യു, ഷാജി, എ.എസ്.ഐ ഇക്ബാൽ, എസ്.സി.പി. ഒമാരായ ബിപിൻ കരുണാകരൻ, രഞ്ജു, എന്നിവർ ചേർന്നാണ് സംഘത്തെ കീഴടക്കിയത്.'