03 May, 2020 10:30:48 PM


ലോക് ഡൗണ്‍; റെഡ് സോണായ കോട്ടയം ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു



കോട്ടയം: റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്‍റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

നഗര മേഖലകളിൽ കൂടുതലായി അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍


>    വ്യവസായ പാര്‍ക്കുകള്‍, 
>    ഒറ്റപ്പെട്ട കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ (ഇതിന് അവശ്യ വസ്തു, അവശ്യവസ്തു അല്ലാത്തത് എന്ന വേര്‍തിരിവില്ല)

>    കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍, 

>    അവശ്യ സാധനങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ (മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കള്‍, ഐടി ഹാര്‍ഡ് വെയര്‍, പാക്കിംഗ് സാമഗ്രികള്‍ എന്നിവയുടേത് ഉള്‍പ്പെടെ), 

>    നിര്‍മ്മാണ സ്ഥലത്തു താമസിക്കുന്ന ജോലിക്കാരെ മാത്രം നിയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, 

>    മാര്‍ക്കറ്റുകളിലെ അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍


ഗ്രാമ പ്രദേശങ്ങളില്‍ കൂടുതലായി അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍


>    എല്ലാ വ്യവസായ സ്ഥാപനങ്ങളും മാളുകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും
>    എല്ലാ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും


ജില്ലയില്‍ പൊതുവെ അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍


>    ജില്ലയില്‍ പൊതുവേ ബാധകമായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വ്യക്തികളും വാഹനങ്ങളും സഞ്ചരിക്കുന്നതിന് അനുമതിയുണ്ട്. നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കു മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.

>    അവശ്യവസ്തു വിതരണവുമായി ബന്ധപ്പെട്ട ഇ- കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
>    സ്വകാര്യ ഓഫീസുകള്‍ക്ക് പരമാവധി 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
>    അവശ്യസേവനത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കു പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
>    ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐ.ടി സേവനദാതാക്കള്‍, എ.ടി.എം ഓപ്പറേഷന്‍ ആന്‍റ് കാഷ് മാനേജ്മെന്‍റ് ഏജന്‍സികള്‍ എന്നിവയ്ക്ക് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. 


തുടരുന്ന നിരോധനങ്ങള്‍


ടാക്സികള്‍, ഓട്ടോറിക്ഷകള്‍, ജില്ലാ-അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍, നീന്തല്‍കുളങ്ങള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം ഗ്രാമ-നഗര വ്യത്യാസമില്ലാതെ തുടരും. സാമൂഹിക, രാഷ്ട്രീയ, കായിക വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, സാമുദായിക കൂടിച്ചേരലുകള്‍, ആരാധനാലയങ്ങളിലും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം എന്നിങ്ങനെയുള്ള നിരോധനങ്ങളും തുടരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K