03 May, 2020 10:10:27 AM
ഇഷ്ടികയിൽ കെട്ടി ഉയർത്തി സിമന്റ് പൂശിയ ഭിത്തികൾ കാൻവാസാക്കി ഇഷിത
- സുനിൽ പാലാ
പാലാ: ഇഷ്ടികയിൽ കെട്ടി ഉയർത്തി സിമന്റ് പൂശിയ വീട്ടിലെ ഭിത്തികൾ കാൻവാസാക്കി ഇഷിത വരച്ചുകൂട്ടിയത് ഇഷ്ടമുള്ള ഒരു പാട് ചിത്രങ്ങൾ. ജനലുകളെയും വാതിലുകളെയും എന്തിന് ഭിത്തിയിലെ സ്വിച്ച് ബോർഡുകളെപ്പോലും പത്താം ക്ലാസ്സുകാരിയായ ഈ ചിത്രകാരി ഒഴിവാക്കിയില്ല. വീട്ടുമുറികളിലെ നാലു ചുവരുകളിലും കടും വർണ്ണത്തിലുള്ള പൂക്കളും, കറുത്തു തടിച്ച മരങ്ങളും, സ്നേഹം വിടർത്തുന്ന മയിൽപ്പീലികളുമൊക്കെ ഇഷിത ഇഷ്ടം പോലെ വരച്ചുകൂട്ടിയത് ഈ ലോക് ഡൗൺ കാലയളവിൽ.
മകളുടെ കലാസപര്യ കണ്ട് "ഭിത്തി മുഴുവൻ നശിപ്പിച്ചല്ലോ മോളെ " എന്ന് അച്ഛൻ രമേഷും, അമ്മ ഇന്ദുവും പരിഭവിച്ചില്ല; പകരം കൂടുതൽ ചായങ്ങളും ബ്രഷുകളും അവർ പൊന്നുമോൾക്ക് വാങ്ങി നൽകി. അവർക്ക് ഒറ്റ നിബന്ധന മാത്രമേ ഇഷിതയോടു പറയാനുണ്ടായിരുന്നുള്ളൂ; എന്ത് വരച്ചാലും എങ്ങനെ വരച്ചാലും നിന്റെ മനസ്സിലെ ഭാവന പോലെ മനോഹരമായിരിക്കണം ചിത്രങ്ങളെല്ലാം.
കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്. എസ്. എൽ.സി. വിദ്യാർത്ഥിനിയായ ഇഷിത ചിത്രരചന പഠിച്ചിട്ടേയില്ല. കഴിഞ്ഞ സ്കൂൾ അവധിക്ക് വെള്ള പേപ്പറിൽ ബോൾ പേന കൊണ്ട് മകൾ ചിത്രം വരയ്ക്കുന്നതു ശ്രദ്ധിച്ച മാതാപിതാക്കൾ ചായപ്പെൻസിലും വലിയ പേപ്പർ ക്യാൻവാസും വാങ്ങിക്കൊടുക്കുകയായിരുന്നു. ഈ ലോക്ക് ഡൗൺ കാലത്താണ് വീടിന്റെ വെള്ളച്ചായം പൂശിയ ഭിത്തി തന്നെ ഇഷിത ക്യാൻവാസാക്കിയത്.
പ്രമുഖ ഫ്രീലാൻസ് ഫോട്ടോഗ്രാഫറും ടൂറിസ്റ്റു ഗൈഡുമായ രമേഷ് കിടങ്ങൂരിന്റേയും ഇന്ദുവിന്റെയും മകളാണീ മിടുക്കി. ഇളയ സഹോദരി പാറു എന്ന പ്രണിത അച്ഛന്റെ വഴിയിലാണ്. ഇതിനോടകം നൂറോളം വ്യത്യസ്ത ചിത്രങ്ങൾ ക്യാമറയിലാക്കി ഫോട്ടോഗ്രഫിയിൽ പ്രായത്തിൽ കവിഞ്ഞ മികവ് പ്രകടിപ്പിച്ചു കഴിഞ്ഞു പ്രണിതയും.