30 April, 2020 08:23:33 PM


അടച്ചിട്ട കോട്ടയം മാര്‍ക്കറ്റിലെ പലചരക്ക് കടകള്‍ ഇന്ന് മൂന്നു മണിക്കൂര്‍ തുറന്നു



കോട്ടയം: ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്  അടച്ച കോട്ടയം മാര്‍ക്കറ്റിലെ പലചരക്ക് മൊത്തവ്യാപാര ശാലകള്‍ ഇന്ന് മൂന്നു മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിച്ചു. ഭക്ഷ്യവസ്തുക്കള്‍ നശിച്ചുപോകാന്‍ സാധ്യതയുള്ളതുകൊണ്ടും ചെറുകിട വിപണിയില്‍ ക്ഷാമമുണ്ടാകുന്നത് ഒഴിവാക്കുന്നതിനുമായാണ് ജില്ലാ കളക്ടര്‍  അറുപതോളം കടകള്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. 


ചെറുകിട വ്യാപാരികള്‍ക്ക് വാഹനങ്ങളുമായെത്തി സാധനങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കി. തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവിന്‍റെ നേതൃത്വത്തില്‍ മാര്‍ക്കറ്റിന്‍റെ മൂന്നു ഗേറ്റുകളും തുറന്നു. രോഗം സ്ഥിരീകരിച്ച തൊഴിലാളിക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്നവരെ പൂര്‍ണമായും ഒഴിവാക്കി പുറത്തുനിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു ചരക്കുനീക്കം.


ചെറുകിട വ്യാപാരികളെത്തി വാങ്ങിക്കൊണ്ടു പോയെങ്കിലും ഭൂരിഭാഗം കടകളിലും പലചരക്കു സാധനങ്ങള്‍ ഇനിയും സ്റ്റോക്കുണ്ട്. ഇത് നീക്കം ചെയ്യുന്നതിന് അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മാര്‍ക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനങ്ങളിലെ പഴങ്ങളും പച്ചക്കറികളും കളക്ടറുടെ അനുമതിയോടെ നേരത്തെ നീക്കം ചെയ്തിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജോര്‍ജ്ജ് കുര്യന്‍, കെ.എന്‍. ശശിധരന്‍, സി.എന്‍. വിനോദ്,  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എം.ജെ. അരുണ്‍ എന്നിവരും നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K