30 April, 2020 11:09:40 AM
ഏറ്റുമാനൂരിലെ മൂന്ന് പാലങ്ങള്‍ അടച്ചെന്ന് പത്രവാര്‍ത്ത; വഴിതെറ്റി നാട്ടുകാര്‍
കോട്ടയം: കോവിഡ് രോഗികളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് ഹോട്ട് സ്പോട്ടുകളായ പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റുമാനൂരിലെ മൂന്ന് പാലങ്ങള്‍ നഗരസഭാ ആരോഗ്യവിഭാഗം അടച്ചെന്ന പത്രവാര്‍ത്ത ഇന്ന് ഒട്ടേറെ യാത്രക്കാരെ വഴിതെറ്റിച്ചു. നഗരസഭാ അതിര്‍ത്തിയിലെ പുന്നത്തുറ കമ്പനിക്കടവ്, ആറുമാനൂര്‍ പട്ടര്‍മഠം, പേരൂര്‍ പൂവത്തുംമൂട് പാലങ്ങള്‍ അടച്ചെന്നായിരുന്നു കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ മലയാള ദിനപത്രത്തില്‍ വന്ന വാര്‍ത്ത. എന്നാല്‍ കമ്പനിക്കടവ് പാലം ഒഴികെയുള്ള പാലങ്ങള്‍ തുറന്നുതന്നെ കിടക്കുകയായിരുന്നു. വാഹനഗതാഗതവും അനസ്യൂതം നടക്കുന്നുണ്ടായിരുന്നു.
അതേസമയം, റവന്യു അധികൃതരോടൊപ്പം കമ്പനിക്കടവ് പാലം മാത്രമേ തങ്ങള്‍ അടച്ചിട്ടുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഈ പാലത്തിനക്കരെയാണ് കിടങ്ങൂരില്‍ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ വീട്. മറ്റ് പാലങ്ങള്‍ അടച്ചെന്ന വാര്‍ത്ത പൂര്‍ണ്ണമായും ശരിയല്ലെന്നും അയര്‍ക്കുന്നവും വിജയപുരവും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസും വെളിപ്പെടുത്തി.
കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കുള്ള ആംബുലന്‍സുകള്‍ നിരന്തരമായി സഞ്ചരിക്കുന്ന വഴിയാണ് മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡും ഇതിനിടയിലെ പൂവത്തുംമൂട് പാലവും. അതുകൊണ്ടുതന്നെ ഈ പാലം പൂര്‍ണ്ണമായി അടയ്ക്കുക പ്രായോഗികമല്ലെന്ന് മോഹന്‍ദാസ് പറഞ്ഞു. ഇതറിയാതെ പത്രവാര്‍ത്ത വായിച്ച പ്രദേശവാസികള്‍ ഉള്‍പ്പെടെ അത്യാവശ്യ യാത്രക്കാര്‍ കോട്ടയം വഴി കറങ്ങി കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്.