29 April, 2020 10:10:08 AM
കോവിഡ് രോഗിയുമായി സമ്പർക്കം: ഗ്രേഡ് എസ്.ഐയും ഡോക്ടറും ഹോം ക്വാറന്‍റൈനിൽ
കോട്ടയം: കോവിഡ് 19 സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസ് ഗ്രേഡ് എസ്ഐയും ഹോമിയോ ഡോക്ടറും ഹോം ക്വാറന്റിയിൽ. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ് രോഗം സ്ഥിരീകരിച്ച കോട്ടയം മണർകാട് സ്വദേശിയുമായി സമ്പർക്കം പുലര്‍ത്തിയതിന്‍റെ പേരില്‍ ഗൃഹനിരീക്ഷണത്തിലായത്.
കിടങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക നേരത്തെ സന്ദര്‍ശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂരിലെ പ്രമുഖ ഹോമിയോ ക്ലിനിക് അടയ്ക്കുകയും ഡോക്ടര്‍ സ്വയം ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തത്. ഏപ്രിൽ 5നാണ് കിടങ്ങൂർ സ്വദേശി ഏറ്റുമാനൂരിലെ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടത്. ഒരാഴ്ചയ്ക്കു ശേഷം ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് 26നാണ്. വിവരമറിഞ്ഞ ഡോക്ടര്‍ ആരോഗ്യവകുപ്പിനെ അറിയിച്ച ശേഷം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.
ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഏറെ ആശങ്കയിലാണ്. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ താമസിക്കുന്ന കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി ഉള്‍പ്പെടെ ജില്ലയില്‍ ഒട്ടേറെ പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. മണര്‍കാട് തന്നെ രണ്ട് വാര്‍ഡുകളിലായാ 124 കുടുംബങ്ങളും വിജയപുരത്ത് അമ്പതോളം കുടുംബങ്ങളും നിരീക്ഷണത്തിലുള്ളതായാണ് അറിയുന്നത്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരുടെ സഞ്ചാരപഥം ഇന്നലെ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു.