26 April, 2020 12:00:50 AM
കോവിഡ് രോഗിയെ അതിരമ്പുഴയില്‍ എത്തിച്ചെന്ന് 'വ്യാജവാര്‍ത്ത'; ജനം പരിഭ്രാന്തിയില്‍
കോട്ടയം: ശനിയാഴ്ച കോട്ടയത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയെന്ന വാര്‍ത്ത ഒരു ഗ്രാമത്തെയാകെ ആശങ്കയിലാക്കി. അബുദാബിയില്‍നിന്നും എത്തിയ സംക്രാന്തി സ്വദേശിയായ വീട്ടമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചത് അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണെന്ന് കോട്ടയത്തുനിന്നുമുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് നാട്ടുകാരെയാകെ അങ്കലാപ്പിലാക്കിയത്.
ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയതോടെ വെള്ളി, ശനി ദിവസങ്ങളില്‍ അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോയ രോഗികളും അവരുടെ ബന്ധുക്കളും ഉള്‍പ്പെടെ നാട്ടുകാര്‍ ഭയചകിതരായി മാറുകയായിരുന്നു. ജനപ്രതിനിധികളുടെ ഫോണുകളിലേക്ക് ഇടതടവില്ലാതെ വിളികള്‍ എത്തി. അവസാനം ഓണ്‍ലൈന്‍ പത്രത്തില്‍ വന്നത് വ്യാജവാര്‍ത്തയാണെന്നും രോഗി അതിരമ്പുഴയില്‍ വന്നിട്ടില്ലെന്നുമുള്ള അറിയിപ്പുമായി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍ തന്നെ രംഗത്തെത്തി. ജനങ്ങളുടെ പേടി മാറ്റുന്നതിനായി സത്യാവസ്ഥ ചൂണ്ടികാട്ടി സമൂഹമാധ്യങ്ങളിലൂടെ സന്ദേശമയക്കുകയും ചെയ്തു അദ്ദേഹം. സജിയുടെ സന്ദേശം ഇങ്ങനെ...
"അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊറോണ സ്ഥിതീകരിച്ചെന്ന് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു. കോട്ടയം ജില്ലാ ആശുപത്രിയിലാണ് രോഗം സ്ഥിതീകരിച്ചത്. അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അബുദാബിയിൽ നിന്നും കൊറോണ വൈറസ് ബാധിച്ച് എത്തിയ രോഗി അതിരമ്പുഴയിൽ എത്തിയിട്ടില്ല. തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ അതിരമ്പുഴയിൽ പരിഭ്രാന്തി വേണ്ട.
സജി തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഏറ്റുമാനൂർ"