24 April, 2020 12:46:39 PM
പോലീസ് കൈകാട്ടി, ഡ്രൈവർ ആറ്റിൽ ചാടി: വാഹനം പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവ്
മുണ്ടക്കയം: കോവിഡ് പശ്ചാത്തലത്തിൽ ഇടുക്കി - കോട്ടയം ജില്ലാ തിർത്തിയിൽ പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ ലോറിയിലെ ഡ്രൈവർ ആറ്റിൽ ചാടി. തുടര്‍ന്ന് ലോറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവ്. തമിഴ്നാട്ടില്‍നിന്നും പച്ചക്കറിയുമായി വന്ന ലോറിയാണ് കഴിഞ്ഞ രാത്രി ഇടുക്കി - കോട്ടയം ജില്ലാ അതിർത്തിയായ കല്ലേപാലത്ത് പോലീസ് തടഞ്ഞത്. കുമളിയിൽ നിന്നും പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി പോകുന്നുവെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്.
വിശദമായി വാഹനം പരിശോധിക്കാൻ തുനിഞ്ഞതോടെ ഡ്രൈവർ പോലീസിനെ വെട്ടിച്ച് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലത്തിൽ നിന്നും ഇയാൾ താഴെയുള്ള കുറ്റിക്കാട്ടിലേക്കാണ് വീണതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഡ്രൈവർ രക്ഷപെട്ടതോടെ പോലീസ് നടത്തിയ പരിശോധനയിൽ ലോറിയിൽ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെത്തി. ലോറി മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
തിരുവല്ല രജിസ്ട്രേഷനിലുള്ള വാഹനമാണ് പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. മുങ്ങിയ ഡ്രൈവറെ കണ്ടെത്താൻ വാഹന പരിശോധനയടക്കം കർശന നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ടന്ന് സി.ഐ. ഷിബുകുമാർ പറഞ്ഞു. അതിനിടെ കഴിഞ്ഞ രാത്രിയിൽ മുണ്ടക്കയം സിഎസ്ഐ പള്ളിയിൽ എത്തി ഒരാൾ കപ്യാരോട് വെള്ളം ചോദിച്ചുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് രക്ഷപെട്ട ഡ്രൈവറാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.