20 April, 2020 10:51:32 PM


മഹാമാരിക്കെതിരെ മഹാശുചീകരണവുമായി ഏറ്റുമാനൂര്‍ നഗരം



ഏറ്റുമാനൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂരിൽ ചൊവ്വാഴ്ച മാസ് ക്ലീനിങ്ങ്‌ നടത്തും. നഗരസഭ, വ്യാപാരി സമൂഹം, ഹരിതകർമസേന ശുചീകരണ തൊഴിലാളികൾ, കർഷകർ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾ, വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രികൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളില്‍ അണു നശീകരണജോലികള്‍ നടത്തും.


രാവിലെ 9.45 ന് കച്ചേരികുന്നിലെ ജില്ലാ കുടുംബകോടതി അങ്കണത്തില്‍ കടുംബ കോടതി ജഡ്ജി ശ്രീരേഖ ഉദ്ഘാടനം ചെയ്യും. ഇതിന് മുമ്പ് രണ്ട് തവണ ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊതുഇടങ്ങളില്‍ അണുനശീകരണം നടത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ പേരൂര്‍ സ്വദേശി മോന്‍സി പി തോമസ് സൗജന്യമായാണ് അന്ന് ഈ പ്രവൃത്തികള്‍ ചെയ്തത്. കെഎസ്ആര്‍ടിസി - സ്വകാര്യ ബസ് സ്റ്റാന്‍റുകള്‍, പോലീസ് സ്റ്റേഷന്‍, ഗവ. ആശുപത്രി, മാര്‍ക്കറ്റ്, നഗരസഭാ പരിസരം എന്നിവിടങ്ങളിലായിരുന്നു നേരത്തെ അണു നശീകരണം നടത്തിയത്.


ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങളിലും നിരത്തുകളിലും അണുനശീകരണം നടത്തി. പേരൂര്‍ ജംഗ്ഷന്‍, ടെമ്പിള്‍ റോഡ്, വികെബി റോഡ്, വില്ലേജ് ഓഫീസ് റോഡ്, എം.സി.റോഡ്, മടത്തേട്ട് ലെയിന്‍, സായി റോഡ്, ശക്തി ലെയിന്‍ എന്നീ പ്രദേശങ്ങളില്‍ രണ്ട് ദിവസങ്ങളിലായാണ് അണുനശീകരണജോലികള്‍ നടത്തിയത്. ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ അസോസിയേഷന്‍ സജ്ജീകരിച്ചിട്ടുണ്ട്.


ഏറ്റുമാനൂർ കിഴക്കേനട കൃപാ റസിഡന്‍റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് മാസ്കും ഹാൻഡ് വാഷും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് സുപ്രീയ ജോയിന്റ് സെക്രട്ടറി പരമേശ്വരന് മാസ്ക്, ഹാൻഡ് വാഷ് പച്ചക്കറി വിത്ത് ഇവ നൽകി ഉൽഘാടനം നിർവ്വഹിച്ചു. കൃഷിവകുപ്പിന്റേയും നഗരസഭയുടേയും സഹകരണത്തോടുകൂടിയാണ് പച്ചക്കറി വിത്ത് വിതരണം നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K