16 April, 2020 03:18:05 PM
കോവിഡിനെ തോല്‍പ്പിച്ച വൃദ്ധദമ്പതികള്‍ വീണ്ടും കോട്ടയം മെഡി. കോളേജ് ആശുപത്രിയിലെത്തി
കോട്ടയം: കോവിഡ് വിമുക്തരായി കേരളത്തിന് അഭിമാനമായ വയോധിക ദന്പതികൾ കൊച്ചുമകളോടും ഭര്‍ത്താവിനോടുമൊപ്പം വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. റാന്നി ഐത്തല തട്ടയിൽ തോമസ് എബ്രഹാം (93), ഭാര്യ മറിയാമ്മ തോമസ് (88) ഇവരുടെ കൊച്ചുമകൾ കോട്ടയം തിരുവാർപ്പ് ചെങ്ങളം കുമരംകുന്നേൽ റീന (28) ഭർത്താവ് റോബിൻ (35) എന്നിവരാണ് ഇന്നു രാവിലെ 11ന് തുടർപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയത്.
പകർച്ചവ്യാധി വിഭാഗം മേധാവിയും ഇവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ഡോ.ആർ. സജിത്കുമാർ ഇവരെ പരിശോധിച്ചു. കോവിഡ് 19 സംബന്ധമായി ഇനി ഹോം ക്വാറന്റൈയിന്റെ ആവശ്യമില്ലെന്നും വയോധികരുടെ മറ്റ് അസുഖങ്ങൾക്ക് തുടർചികിത്സ വേണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ രോഗം ഭേദപ്പെടുകയും ക്വാറന്റൈൻ കാലാവധി പൂർണമായും പൂർത്തീകരിക്കുകയും ചെയ്ത യുവദന്പതികൾക്ക് പൊതു സമൂഹവുമായി ഇടപെടുന്നതിന് ബുദ്ധിമുട്ടില്ലെങ്കിലും ലോക്ക് ഡൗൺ മൂലം വീട്ടില്‍ തന്നെ കഴിയാൻ ഡോക്ടർ നിർദ്ദേശം നൽകി.
കഴിഞ്ഞ മാർച്ച് എട്ടിന് ഇവർ രോഗലക്ഷണവുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയും തുടർന്നുള്ള പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് മാർച്ച് 28ന് യുവദന്പതികളും, ഏപ്രിൽ മൂന്നിന് വയോധികരും മെഡിക്കൽ കോളജ് ആശുപത്രി വിട്ടു