11 April, 2020 10:50:47 PM


ഷീലമ്മ പാർവ്വതിയോടൊപ്പം യാത്ര തിരിച്ചു; നാടു കാക്കുന്ന മകന്റെ ശുശ്രൂഷയ്ക്കായി

- നൗഷാദ് വെംബ്ലി



മുണ്ടക്കയം: രാജസ്ഥാനിൽ ചികിത്സയിലുള്ള ജവാനെ ശിശ്രൂഷിക്കാൻ ഭാര്യയും പെറ്റമ്മയും യാത്ര തിരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്ന മലയാളി ജവാൻ കോരുത്തോട് നെവുടപ്പള്ളിൽ വാസൻ്റെ മകൻ അരുൺ കുമാർ (29) ൻ്റെയടുത്തേക്ക് അമ്മ, ഷീലമ്മ, അരുണിൻ്റെ ഭാര്യ പാർവ്വതി, ബന്ധു രാജേഷ് എന്നിവർക്ക് ജയ്പൂരിലേക്ക് പോകാൻ ജില്ലാ കലക്ടർ അനുമതി നൽകി.


പല്ലുവേദനയെ തുടർന്ന് മിലിട്ടറി ആശുപത്രി ചികിത്സയിലായ അരുണിന് ന്യുമോണിയ പിടിപെടുകയായിരുന്നു. മസിൽവേദനയും ശരീരം പാതി തളർന്നും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണിപ്പോൾ. സഹായത്തിന് സുഹൃത്തുക്കൾ മാത്രം  നിൽക്കുന്നതിനിടയിൽ മാതാവിൻ്റെയും ഭാര്യയുടെയും സാന്നിധ്യം അരുൺ ആവശ്യപ്പെട്ടങ്കിലും ലോക് ഡൗൺ തടസമായി. ജനപ്രതിനിധികളടക്കം നിരവധി പേർ ബന്ധപ്പെട്ടെങ്കിലും അനുമതിയായില്ല. ഇതിനിടയിലാണ് ഇവരുടെ വേദന വാർത്തയായത്. ഇതേതുടർന്ന് ജില്ലാ കലക്ടർ സുധീർ ബാബു ഇടപെടുകയും ഇവർക്ക് പോകാൻ അനുമതി നൽകുകയുമായിരുന്നു.


അമ്മ, ഭാര്യ, ബന്ധു എന്നിവർക്കാണ് പോകാൻ അനുമതി നൽകിയത്.രണ്ടു ഡ്രൈവർമാരും യാത്രാ സംഘത്തിലുണ്ട്. ഇത്രയും പേർക്ക് പ്രത്യേക പരിഗണനയിലാണ് അനുമതി നൽകിയതെന്ന് ജില്ലാ കലക്ടർ സുധീർ ബാബു പറഞ്ഞു. ഒരു ജവാൻ്റെ ജീവിത പ്രശ്നമായതിനാലാണ് പ്രത്യേക പരിഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 5.30ഓടെ യാത്ര തിരിച്ച സംഘം തിങ്കളാഴ്ചയോടെ അവിടെ എത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K