11 April, 2020 02:15:22 PM
ഈസ്റ്റർ തലേന്ന് ഇറച്ചിക്കും മീനിനും കൊള്ളവില; തിരക്ക് നിയന്ത്രിക്കാന്‍ പോലീസും
കോട്ടയം: ലോക്ക്ഡൗണിന്റെ ക്ഷീണം ഒറ്റയടിക്ക് തീർക്കാന്‍ ഈസ്റ്റർ തലേന്ന് ഇറച്ചിക്കും മീനിനും കൊള്ളവില ഈടാക്കി വ്യാപാരികൾ. ഉയർന്ന വിലയ്ക്കും സാധനങ്ങൾ വാങ്ങാൻ പലരും തയാറാണെങ്കിലും വിപണിയിൽ ഇവയ്ക്കെല്ലാം ക്ഷാമം നേരിട്ടതും പ്രശ്നമായി. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 125 മുതൽ 145 രൂപ വരെയാണ് ശനിയാഴ്ച വില ഈടാക്കിയത്. കഴിഞ്ഞ ദിവസം വരെ ഇത് 80 മുതൽ 100 രൂപ വരെയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും പോത്തിന്റെ വരവു കുറഞ്ഞെന്ന ന്യായം നിരത്തി ബീഫിന് 40 രൂപ വരെയാണ് കിലോയ്ക്ക് വ്യാപാരികൾ വർധിപ്പിച്ചത്. പലയിടത്തും ബീഫിന് കിലോ 370 രൂപ നിരക്കിലാണ് ആളുകൾ വാങ്ങിയത്. വലിയ തിരക്ക് അനുഭവപ്പെട്ടതും വ്യാപാരികള്‍ മുതലാക്കി. രാവിലെ ഒൻപതോടെ തന്നെ പല ഇറച്ചിക്കടകളും കാലിയായി. ഏറ്റുമാനൂര്‍ നഗരത്തിലുള്‍പ്പെടെ ചില കടകളില്‍ ഉച്ചകഴിഞ്ഞും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട ക്യൂ കാണാനായി. വന്‍തിരക്ക് അനുഭവപ്പെട്ടതോടെ പോലീസ് കാവലിലാണ് ഇറച്ചിവില്‍പ്പന പലയിടത്തും നടന്നത്.
ബീഫിന് വിപണിയിൽ കുറവുണ്ടെന്ന് വ്യക്തമായതോടെയാണ് കോഴി, പന്നി എന്നിവയ്ക്ക് വ്യാപാരികൾ വില വർധിപ്പിച്ചത്. കിലോ 220 രൂപയിൽ കിടന്ന പന്നിയിറച്ചിക്ക് ഈസ്റ്റർ വിപണിയിൽ വില 260 രൂപയ്ക്ക് മേലെയായി. ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവന്ന പഴകിയ മത്സ്യങ്ങൾ വൻ തോതിൽ പിടിച്ചതോടെ മീനിനും പൊന്നിന്റെ വിലയായിരുന്നു. മത്തിക്ക് കിലോ 300 രൂപയ്ക്കാണ് വിറ്റത്. ഏട്ട, ചൂര എന്നീ കടല്‍ മല്‍സ്യങ്ങളും വാള, പിരാന, കട്ള, ചെമ്മീന്‍ തുടങ്ങിയ വളര്‍ത്തു മത്സ്യങ്ങൾക്കും വൻ വിലയാണ് അനുഭവപ്പെട്ടത്.
ഇതിനിടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സാഗരറാണി ഓപ്പറേഷന്റെ ഭാഗമായി ചില്ലറവില്പ്പനക്കാര്ക്കിടയിലും പരിശോധന ശക്തമാക്കി. ലൈസന്‍സ് ഇല്ലാതെ മത്സ്യവില്‍പ്പന നടത്തുന്നവരാണ് ചില്ലറവില്പ്പനക്കാരെന്നതിനാല് എല്ലാവര്ക്കും ലൈസന്‍സ് എടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. ഒപ്പം ഓട്ടോറിക്ഷയിലും മറ്റും നിരത്തുവക്കില്‍ കച്ചവടം നടത്തിയിരുന്നവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇവരാകട്ടെ കിട്ടിയ മീനെല്ലാം വാരിയിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറി വില്‍പ്പനയ്ക്കായി. പഴകിയ മത്സ്യമാണോ എന്ന് ചോദിച്ചവരെ ഭക്ഷ്യസുരക്ഷാവകുപ്പ് നല്കിയ നോട്ടീസ് എടുത്ത് കാട്ടി തെറ്റദ്ധരിപ്പിച്ചായിരുന്നു ഇവരുടെ കച്ചവടം.