11 April, 2020 07:44:41 AM
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ വീണ്ടും മത്സ്യവേട്ട; ശനിയാഴ്ച 60 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു
ഏറ്റുമാനൂര്‍: നഗരസഭയുടെ ചില്ലറ മത്സ്യവിപണന കേന്ദ്രത്തില്‍ ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ 60 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു. ഓലക്കുടി, മത്തി എന്നിവയും വലിയ മീനുകളുടെ കഷണങ്ങളും ഇതില്‍പെടുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മീനിന് ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് നേരത്തെ സൂക്ഷിച്ചുവെച്ചിരുന്ന മീനാകാം ഇതെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് 30 കിലോ പഴകിയ മത്സ്യം പിടിച്ചിരുന്നു. ഇതേ ദിവസം തന്നെയാണ് മൊത്തവിതരണകേന്ദ്രത്തിലേക്ക് കന്യാകുമാരിയില്‍ നിന്നും എത്തിച്ച 2500 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചതും. തഹസില്‍ദാര്‍ രാജേന്ദ്രബാബു, ഭക്ഷ്യസുരക്ഷാ ഇന്‍സ്പെക്ടര്‍ ഡോ.തെരസിലിന്‍ ലൂയിസ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ.ബിനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശനിയാഴ്ച രാവിലെ ഏഴ് മണിയ്ക്കായിരുന്നു പരിശോധന നടന്നത്.
ഏറ്റുമാനൂരിന് ശേഷം സമീപ പ്രദേശങ്ങളായ അതിരമ്പുഴയിലും നീണ്ടൂരിലും പരിശോധന നടന്നു. ഓട്ടോറിക്ഷ, സൈക്കിൾ, ടൂവീലറുകളിൽ വിൽപ്പന നടത്തിവന്ന മീനുകളും പരിശോധനയ്ക്ക് വിധേയമാക്കി. ചങ്ങനാശ്ശേരി പായിപ്പാട് മാർക്കററിൽ നിന്നും 50 കിലോ മീൻ പിടിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നു വരികയാണ്.