09 April, 2020 01:19:42 PM
ഏറ്റുമാനൂരില്‍ ഇന്ന് വീണ്ടും മത്സ്യവേട്ട; റീട്ടെയില്‍ മാര്‍ക്കറ്റിലും പഴകിയ മീന്‍
പിടിച്ചെടുത്തത് 100 കിലോയോളം പഴകിയ മത്സ്യം
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഇന്ന് വീണ്ടും മത്സ്യവേട്ട. മൊത്തവ്യാപാരമാര്‍ക്കറ്റില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള 2500 കിലോ മത്സ്യം പിടികൂടി മണിക്കൂറുകള്‍ക്കകം ചില്ലറവില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലും കണ്ടെത്തി പഴകിയ മീന്‍. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ 18, 22 നമ്പര്‍ സ്റ്റാളുകളില്‍ നിന്നായി പഴകിയ ചൂര, വലിയ മീനുകളുടെ കഷ്ണങ്ങള്‍ എന്നിങ്ങനെയാണ് 100 കിലോഗ്രാം മീനാണ് പിടിച്ചെടുത്തത്.
മൂന്ന് കടകളായിരുന്നു മാര്‍ക്കറ്റില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. മൂന്നാമത്തെ സ്റ്റാളില്‍ ഉണ്ടായിരുന്ന പഴകിയ മീന്‍ വ്യാപാരി വീട്ടിലേക്ക് കൊണ്ടുപോകാനെന്ന് പറഞ്ഞ് മാറ്റിയിരുന്നുവെങ്കിലും അതും പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസിന്‍റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനു പി.കെ, ജെഎച്ച്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.