09 April, 2020 10:21:33 AM
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ 2500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യമൊത്തവിതരണകേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാസങ്ങള്‍ പഴക്കമുള്ള രണ്ടര ടണ്‍ മത്സ്യം പിടിച്ചെടുത്തു. കന്യാകുമാരി തേങ്ങാപട്ടണത്തുനിന്നും എത്തിച്ച പഴകി ചീഞ്ഞ് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയ ഒരു ലോഡ് മീനാണ് പിടിച്ചെടുത്തത്. 1500 കിലോ കേരയും 1000 കിലോ റോക്കറ്റ് മോദയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് ദിവസം മുമ്പ് വണ്ടിയില്‍ കയറ്റിയ മീനാണ് ഇത്.
മാര്‍ക്കറ്റില്‍ ഇന്ന് വെളുപ്പിനെ എത്തിയ എട്ട് വണ്ടികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കോട്ടയം തഹസില്‍ദാര്‍ പി.ജി.രാജേന്ദ്രബാബുവിന്‍റെ നേതൃത്വത്തില്‍ ഒരു മണിയോടെ ആരംഭിച്ച റെയ്ഡില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ പ്രീത സി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്‍സ്പെക്ടര്‍മാരായ ഡോ.തെരസിലിന്‍ ലൂയിസ്, നിമ്മി അഗസ്റ്റിന്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനു പി.കെ തുടങ്ങിയവരും പങ്കെടുത്തു. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുന്നതിനായി നഗരസഭയെ ഏല്‍പ്പിച്ചു,
ലോക്ഡൗണിനെ തുടര്‍ന്ന് ദൗര്‍ലഭ്യം അനുഭവപ്പെട്ട സാഹചര്യത്തില്‍ വളം നിര്‍മ്മിക്കുന്നതിനായി രാസവസ്തുക്കള്‍ ഇട്ട് സൂക്ഷിച്ചു വെച്ചിരുന്ന മത്സ്യവും മാര്‍ക്കറ്റുകളിലേക്ക് കയറ്റിവിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ എത്തിച്ച മീനാണോ ഇത് എന്ന് സംശയിക്കുന്നതായി നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. മൊത്തവിതരണകേന്ദ്രത്തില്‍ പഴകിയ മത്സ്യം കണ്ടെത്തിയതോടെ റീട്ടെയില്‍ മാര്‍ക്കറ്റിലും പരിശോധന ആരംഭിച്ചു. നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.