08 April, 2020 02:25:45 PM


'ഡോക്ടര്‍ വീട്ടിലേക്ക്' പദ്ധതിയ്ക്ക് തുടക്കം: ഏറ്റുമാനൂര്‍ നിവാസികള്‍ക്ക് വിളിക്കാം

രോഗികള്‍ വിളിക്കേണ്ട നമ്പര്‍: 9995012124, 9447473900, 9400130971



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ നിവാസികള്‍ക്ക് ചികിത്സ ഇനി വീട്ടില്‍. ലോക്ഡൌണ്‍ പ്രമാണിച്ച് നഗരസഭയുടെ ഡോക്ടര്‍ വീട്ടിലേക്ക് പദ്ധതിയ്ക്ക് വ്യാഴാഴ്ച രാവിലെ തുടക്കം കുറിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഉദ്ഘാടനം കഴിഞ്ഞ പിന്നാലെ ആദ്യ കോള്‍ എത്തി. ധന്യാ വിജയന്‍ പ്രതിനിധാനം ചെയ്യുന്ന 24-ാം വാര്‍ഡില്‍ നിന്നായിരുന്നു കോള്‍. ഉടനെ ആരോഗ്യകാര്യസ്ഥിരം സമിതി അംഗം മിനിമോളുമായി സംഘം രോഗിയെ കാണാനായി പുറപ്പെട്ടു.


കോട്ടയം മെഡിക്കല്‍ കോളേജിന് കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ എഎംഓ സജിത്കുമാറിന്‍റെ നേതൃത്വത്തിലുള്ള അലോപ്പതി യൂണിറ്റാണ് വീടുകളിലെത്തി രോഗികളെ പരിശോധിക്കുന്നത്. ഡോക്ടറെ കൂടാതെ നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരാണ് സംഘത്തിലുള്ളത്. രക്തപരിശോധന ഉള്‍പ്പെടെ പ്രാഥമികമായി ചെയ്യേണ്ട എല്ലാ പരിശോധനകള്‍ക്കുമുള്ള ലബോറട്ടറി സംവിധാനം വാഹനത്തിലുണ്ട്. അത്യാവശ്യം മരുന്നുകളും വാഹനത്തില്‍ കരുതിയിട്ടുണ്ട്.


ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യകാര്യസ്ഥിരംസമിതിയുടെതാണ് പദ്ധതി. വളരെ അടിയന്തിരസ്വഭാവമുള്ള കേസുകള്‍ മാത്രം ആശുപത്രിയിലേക്ക് പറഞ്ഞയക്കും. അതിനുള്ള ആംബുലന്‍സ് സൌകര്യവും ഒരുക്കുന്നുണ്ട്. വെളളിയാഴ്ച തെള്ളകത്തെ സ്വകാര്യ ആശുപത്രിയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ യൂണിറ്റും പ്രവര്‍ത്തിച്ചുതുടങ്ങും. നഗരസഭയുടെ 35 വാര്‍ഡുകളെ രണ്ട് സോണുകളായി തിരിച്ചായിരിക്കും മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. പേരൂര്‍ വില്ലേജിന് കീഴിലുള്ള 12 വാര്‍ഡുകളില്‍ സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള യൂണിറ്റും ഏറ്റുമാനൂര്‍ വില്ലേജിന് കീഴിലുള്ള 13 വാര്‍ഡുകളില്‍ ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ എഎംഓ സജിത്കുമാറിന്‍റെ നേതൃത്വത്തിലുള്ള യൂണിറ്റും സേവനമനുഷ്ഠിക്കുമെന്ന് നഗരസഭാ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.


അലോപ്പതിചികിത്സയിലെ വിവിധ വിഭാഗങ്ങളിലെയും ഹോമിയോ, ആയുര്‍വേദം എന്നീ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരെ കോര്‍ത്തിണക്കി ഹലോ ഡോക്ടര്‍ ഏറ്റുമാനൂര്‍ എന്ന പദ്ധതിയ്ക്ക് ഏപ്രില്‍ 14ന് തുടക്കം കുറിക്കും. ഡോക്ടറെ ടെലിഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെട്ട് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിന് റസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പ്രാദേശികമായി സേവനതത്പരരായ ഡോക്ടര്‍മാരുടെ പാനല്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും.


ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ നഗരസഭയുടെ കീഴിലുള്ള ആശുപത്രികളില്‍ നിന്ന് തന്നെ ലഭ്യമാക്കും. അലോപ്പതി മരുന്നുകള്‍ അര്‍ഹരായവര്‍ക്ക് സൌജന്യമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തു വരികയാണെന്ന് മോഹന്‍ദാസ് പറഞ്ഞു. 'ഡോക്ടര്‍ വീട്ടിലേക്ക്' പദ്ധതി പ്രകാരം ചികിത്സ ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 9995012124 (ഡോ.സജിത് കുമാര്‍), 9447473900 (ടി.പി.മോഹന്‍ദാസ്), 9400130971 (ലൌലി ജോര്‍ജ്).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K