07 April, 2020 05:31:36 PM
ലോക്ഡൗണ്‍: ഏറ്റുമാനൂര്‍ നിവാസികള്‍ ഇനി ആശുപത്രിയില്‍ പോകേണ്ട; ഡോക്ടര്‍ വീട്ടിലെത്തും
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ലോക്ഡൌണ്‍ കാലത്ത് ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകേണ്ട. ഒന്നു വിളിച്ചാല്‍ മതി. ഡോക്ടറും നഴ്സും ലബോറട്ടറി സംവിധാനങ്ങളുമുള്ള ഒരു മിനി ആശുപത്രി തന്നെ വീട്ടിലെത്തും. അത്യാവശ്യം അസുഖങ്ങള്‍ക്കെല്ലാം വീട്ടില്‍ ചികിത്സ ലഭ്യമാക്കുന്ന പരിപാടിക്ക് ബുധനാഴ്ച രാവിലെ തുടക്കം കുറിക്കും.
ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യകാര്യസ്ഥിരംസമിതിയുടെതാണ് പദ്ധതി. ഡോക്ടര്‍ വീട്ടിലെത്തി പരിശോധിച്ച് മരുന്നുകളും നല്‍കും. വളരെ അടിയന്തിരസ്വഭാവമുള്ള കേസുകള്‍ മാത്രം ആശുപത്രിയിലേക്ക് പറഞ്ഞയക്കും. അതിനുള്ള ആംബുലന്‍സ് സൌകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തില്‍ ഒരു യൂണിറ്റാണ് പ്രവര്‍ത്തിച്ചുതുടങ്ങുക. കോട്ടയം മെഡിക്കല്‍ കോളേജിന് കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ എഎംഓ സജിത്കുമാറിന്‍റെ നേതൃത്വത്തിലുള്ള അലോപ്പതി യൂണിറ്റാണ് തുടക്കത്തില്‍ പ്രവര്‍ത്തിക്കുക.
പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഒരു സ്വകാര്യ ആശുപത്രിയുടെ സേവനവും ഇതിനായി നഗരസഭ ആരാഞ്ഞിട്ടുണ്ട്. ഹോമിയോ, ആയുര്‍വേദം എന്നീ വിഭാഗങ്ങളിലും ചികിത്സ ലഭ്യമാക്കുന്നതിനെ കുറിച്ച് നഗരസഭ ആലോചിക്കുന്നുണ്ട്. മുഴുവന്‍ ജനങ്ങള്‍ക്കും ഒട്ടും താമസമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിന് നഗരസഭാ പരിധിയിലെ സേവനതത്പരരായ മുഴുവന്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും റസിഡന്‍റ്സ് അസോസിയേഷന്‍ പോലുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും പദ്ധതിയില്‍ പങ്കാളികളാക്കുമെന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് അറിയിച്ചു.