02 April, 2020 10:47:51 PM
ലോക് ഡൗണിൽ മാനസിക ഉല്ലാസവുമായി പൊലീസിൻ്റെ സംഗീത സദസ്
- നൗഷാദ് വെംബ്ലി
മുണ്ടക്കയം: ലോക് ഡൗണിന്‍റെ ഭാഗമായി കഴിഞ്ഞ 10 ദിവസമായി വീട്ടിനുള്ളിൽ ഇരുന്നു മുഷിയുന്നവർക്ക് ആശ്വാസവുമായാണ് മുണ്ടക്കയം പൊലീസ് രംഗത്ത്. പ്രശസ്ത സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കലിൻ്റെ നേതൃത്വത്തിൽ ഏഴു ഗായകരെ ചേർത്ത് സംഗീത സദസ് ഒരുക്കി വീടിനുള്ളിൽ അടഞ്ഞു കൂടിയവർക് ആശ്വാസം നൽകിയത്. പാടാൻ യൂണിഫോമിട്ട ഗായകരും ഉണ്ടായിരുന്നു.
ചോറ്റി, താന്നിക്കപതാൽ എന്നിവിടങ്ങളില്‍ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിലായിരുന്നു സംഗീത വിരുന്ന് ഒരുക്കിയത്. ലോറിയിൽ തയ്യാറാക്കിയ വേദിയിൽ മൈക്കും മറ്റു ശബ്ദ സംവിധാനവും. കോളനിയിൽ വേദി എത്തിയാലുടെ പൊലീസിൻ്റെ മുന്നറിയിപ്പ്. ആരും വീടിന് പുറത്തിറങ്ങരുത്., ഗാനം വീട്ടിന് ഉള്ളിലിരുന്നു മാത്രമേ ആസ്വദിക്കാവൂ. ആളുകൾ പുറത്തിങ്ങിയാൽ പാട്ടു നിർത്തും. എത്ര നിർദ്ദേശം കിട്ടിയാലും പാട്ടു കേട്ടാൽ ഇറങ്ങാത്തവരുണ്ടോ.. ഇറങ്ങിയാലോ പൊലീസ് പഴയ പൊലീസാവും..
ഈ വിധം ആളുകളെ നിയന്ത്രിച്ചു ഗാനവിരുന്നു ഒരുക്കി നന്ദി പറഞ്ഞാണ് പിരിയൽ. താന്നിക്കപതാലിൽ ഗാനമേള പുരോഗമിച്ചതോടെ ആളുകൾ പുറത്തേക്കിറങ്ങി ഇതോടെ ഗാനമേള പാതി വഴിയിൽ നിർത്തേണ്ടി വന്നു. കുറഞ്ഞ വിലയിൽ ഭക്ഷണം നൽകിയും, ലോക് ഡൗൺ ലംഘിച്ചവർക്ക് ബോധവൽകരണ ക്ലാസ് ഒരുക്കിയും ജനശ്രദ്ധ നേടിയ മുണ്ടക്കയം പൊലീസ് സംഗീത സദസ് ഒരുക്കിയും ബിഗ് സല്യൂട്ട് വാങ്ങിയിരിയ്ക്കുകയാണ്.