01 April, 2020 04:56:31 PM
കോവിഡ് 19: സർക്കാർ ആശുപത്രികള്‍ക്ക് ഒരു കോടി രൂപ അനുവദിച്ച് മോൻസ് ജോസഫ് എംഎൽഎ
കുറവിലങ്ങാട്: കോവിഡ് -19 കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ. ആശുപത്രികളിൽ എംഎൽഎ ഫണ്ട് ഉപയോഗിക്കുന്നതിന് ആവശ്യമായ പ്രത്യേക അനുമതി നൽകുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക്, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവർക്ക് കത്ത് നൽകിയതായും മോൻസ് ജോസഫ് അറിയിച്ചു.
ഡോ.കെ ആർ നാരായണൻ മെമ്മോറിയൽ ഉഴവൂർ ഗവ ആശുപത്രിയിൽ ഇരട്ട കംമ്പാർട്ട്മെന്‍റ് ടൈപ്പ് ബി എൽ എസ് ആംബുലൻസ് വാൻ വാങ്ങുന്നത്, ഉഴവൂരിൽ സ്പെഷ്യാലിറ്റി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഓപ്പറേഷൻ തീയേറ്റർ സജ്ജമാക്കുന്നതിനും ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഫണ്ട്, കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ അഞ്ച് ഓക്സിജൻ സിലിണ്ടറും, സ്റ്റെയിൻലെസ്സ് സ്റ്റീൽ കട്ടിലും ബെഡും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ, കടുത്തുരുത്തി സഹകരണ ആശുപത്രിയിലും കടപ്ലാമറ്റം ഗവ ആശുപത്രിയിലും ആംബുലൻസ് വാൻ എന്നിവക്ക് എം എൽ എ ഫണ്ട് അനുവദിച്ചതായി മോൻസ് ജോസഫ് വ്യക്തമാക്കി.
അറുനൂറ്റിമംഗലം, കൂടല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ആധുനിക ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതും കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതും കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലി, ഞീഴൂർ പഞ്ചായത്തിലെ കാട്ടാമ്പാക്ക്, കാണക്കാരി, മരങ്ങാട്ട്പിള്ളി, പെരുവ കുറുപ്പന്തറ, വെളിയന്നൂർ എന്നീ ഗവ ആശുപത്രികളിൽ മുൻഗണന നൽകേണ്ട പ്രധാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വിവിധ പി.എച്ച്.സികളുടെ സമഗ്ര നവീകരണത്തിനും എം എൽ എ ഫണ്ട് വിനി യോഗിക്കുന്നതാണ്.
പദ്ധതി നിർവ്വഹണം സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് കോട്ടയം ജില്ലാ കളക്ടർ, കോട്ടയം ഡി എം ഒ, കോട്ടയം ജില്ല എൻ.എച്ച്.എം കോ-ഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തുന്നതാണ്. കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ ഗവ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർമാരുമായി ആശയവിനിമയം നടത്തിയാണ് പ്രധാന ആവശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വികസന കാര്യങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികളോടും, എച്ച് എം സി അംഗങ്ങളോടും ചർച്ചചെയ്യുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.