30 March, 2020 12:07:12 PM


ഹോം ക്വാറൻ്റനിൽ കഴിഞ്ഞ യുവാവ് കഞ്ചാവടിക്കാൻ ബന്ധുവീട്ടില്‍; എക്സൈസ് പൊക്കി

- നൗഷാദ് വെംബ്ലി



കാഞ്ഞിരപ്പള്ളി: കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ഹോം ക്വാറൻ്റയിനിൽ കഴിഞ്ഞ യുവാവ് കഞ്ചാവടിക്കാൻ ബന്ധുവീട്ടിലെത്തി. വിവരമറിഞ്ഞെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ കയ്യോടെ പൊക്കി. ഫലമോ തിടനാട്ടിലുള്ള ബന്ധുവും കുടുംബവും വീട്ടു നിരീക്ഷണത്തിലും. വിദേശ മദ്യശാലകളും കള്ളുഷാപ്പും  നിര്‍ത്തലാക്കിയതോടെ ലഹരിക്കായി കഞ്ചാവിനെയും വ്യാജമദ്യത്തെയും ആശ്രയിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ സംഭവം.


'കോവിഡിനിടയില്‍ കഞ്ചാവ് പുകയുന്നുണ്ടോയെന്ന്  പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബാറുകള്‍ അടച്ചുപൂട്ടിയ പിന്നാലെയാണ് കഞ്ചാവിന്‍റെ ഒഴുക്ക് പിടിച്ചാല്‍ കിട്ടാത്തവിധം വ്യാപകമായത്. ഇത് മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ്, പോലീസ് വകുപ്പുകള്‍ തുടങ്ങി കഴിഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ പോലീസ് ടൗണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമ്പോള്‍ കഞ്ചാവ് സംഘങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ സജീവമായി. ആവശ്യക്കാര്‍ക്ക് വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘങ്ങളെപ്പറ്റി അറിയാൻ അധികൃതര്‍ നിരീക്ഷണത്തിലാണ്. 


കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണെന്ന് പരാതി നിലനില്‍ക്കുന്നുണ്ട്. യുവാക്കളാണ് ഏറെയും കഞ്ചാവ് ഉപയോഗിക്കുന്നവര്‍. രാത്രി കാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് യുവാക്കള്‍ സംഘടിക്കുന്നത്. കൂട്ടംകൂടുന്ന ലഹരിസംഘങ്ങളെ കണ്ടെത്താനായി പോലീസും എക്‌സൈസും തിരച്ചില്‍ നടത്തുന്നുണ്ട്. എരുമേലിയ്ക്ക് സമീപം മണിമലയാറിന്റെ തീരം കേന്ദ്രീകരിച്ചും കൂവപ്പള്ളി, നെടുമല, കനകപ്പലം, കാളകെട്ടി, പുഞ്ചവയല്‍, കാഞ്ഞിരപ്പള്ളി, തിടനാട്, മുണ്ടക്കയം എന്നിവിടങ്ങളിലും കഞ്ചാവ് ഉപയോഗിക്കുന്നവരുടെ വന്‍ സംഘമുണ്ട്. തിരക്കില്ലാത്ത വഴികളിലൂടെ വില്‍പ്പന സംഘങ്ങള്‍ ആവശ്യക്കാരെ തേടിയെത്തും. ചിലയിടങ്ങളിൽ വ്യാജമദ്യ വില്‍പ്പനയും സജീവമാകുന്നതായി പരാതിയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K