29 March, 2020 02:21:34 PM
'നാട്ടില്‍ പോകണം': ചങ്ങനാശ്ശേരിയില്‍ ആയിരകണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി
ചങ്ങനാശ്ശേരി: ലോക്ക് ഡൗൺ ലംഘിച്ച് ആയിരകണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി. നാട്ടിലേക്ക് മടങ്ങിപോകണമെന്നും ട്രെയിൻ അടക്കമുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാടാണ് എണ്ണായിരത്തോളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയത്. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിൽ പോകാൻ വാഹനം വേണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നെന്ന് ജില്ലാ കളക്ടർ പികെ സുധീർ ബാബു പറയുന്നു. തുടക്കത്തില്‍ ഇരുന്നൂറോളം തൊഴിലാളികളാണ് ഇവിടെ സംഘടിച്ചത്. തൊട്ടുപിന്നാലെ പല ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുകൂടുകയായിരുന്നു. എല്ലാവര്‍ക്കും നാട്ടില്‍ പോകണമെന്നും വാഹനം ഏര്‍പ്പാടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ മാത്രം നാലായിരത്തോളം തൊഴിലാളികളാണുള്ളത്. സമീപപഞ്ചായത്തുകളില്‍നിന്നുകൂടി തൊഴിലാളികള്‍ കൂട്ടം കൂടിയെത്തിയതോടെ നിരത്തുകളില്‍ കാല്‍കുത്താനാവാത്ത വിധം ജനസാഗരമായി മാറി.
തൊഴിലില്ലാതെ വന്നതോടെ ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തൊഴിലുടമകളുമായും ക്യാമ്പ് നടത്തിപ്പുകാരുമായി സംസാരിച്ച് ഏര്‍പ്പാടാക്കിയിരുന്നു. ഒറ്റദിവസം കൊണ്ട് തൊഴിലാളികള്‍ നിലപാട് മാറ്റിയതിന്‍റെ പിന്നിലുള്ള കാര്യങ്ങള്‍ എന്തെന്ന് മനസിലാകുന്നില്ലെന്നാണ് തോമസ് ചാഴികാടന്‍ എം.പി., സി.എഫ് തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പറയുന്നു. ഭക്ഷണമില്ലായ്മ എന്ന ഗുരുതരപ്രശ്നത്തിന്‍റെ പേരിലല്ല ഇവര്‍ സംഘടിച്ചിരിക്കുന്നതെന്നും നാട്ടിലേക്ക് പോകുക എന്ന ഇവരുടെ ഡിമാന്‍ഡ് അംഗീകരിക്കാനാവില്ലെന്നും ജില്ലാ കളക്ടര്‍ പറയുന്നു.
ഇന്നത്തെ സാഹചര്യങ്ങള്‍ തൊഴിലാളികളെ പറഞ്ഞ് മനസിലാക്കി ഇവരെ പിന്തിരിപ്പിക്കുക എന്നത് സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും മുന്നില്‍ വലിയ വെല്ലുവിളിയായി തുടരുകയാണ്. ലോക്ഡൌണ്‍ പ്രഖ്യാപിച്ച പിന്നാലെ ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തൊഴിലാളികള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്തു തുടങ്ങിയിരുന്നു. പായിപ്പാട് തൊഴിലാളികള്‍ സംഘടിച്ചതോടെ സംസ്ഥാനത്ത് പെരുമ്പാവൂര്‍ ഉള്‍പ്പെടെ അതിഥി തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളെല്ലാം ആശങ്കയിലാണ്. കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കവെ ഇതരസംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.