28 March, 2020 02:25:14 PM


ലോക്ഡൗണ്‍: വാഹനം കിട്ടാന്‍ താമസിച്ചു; ആംബുലന്‍സില്‍ കയറുംമുമ്പേ യുവതി പ്രസവിച്ചു



കോട്ടയം: കോവിഡ് 19  പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ഡൌണിനിടെ ആശുപത്രിയിലെത്താന്‍ താമസിച്ച യുവതി വീട്ടില്‍ പ്രസവിച്ചു. കൃത്യസമയത്ത് മാലാഖയായെത്തിയ 108 ആംബുലന്‍സിലെ നഴ്സ് സൗമ്യയാണ് പ്രസവമെടുത്തത്. പ്രസവവേദന അനുഭവപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ഇവര്‍ക്ക് ആംബുലന്‍സ് സേവനം ലഭിച്ചതിനാല്‍ അമ്മയും കുഞ്ഞും രക്ഷപെട്ടു. കോട്ടയം അമയന്നൂരില്‍ താമസിക്കുന്ന തെങ്കാശി മരുതുപുരം സ്വദേശി സേതുപതിയുടെ ഭാര്യ ഗീതാലക്ഷ്മി (24)യാണ് ഇന്ന് പുലര്‍ച്ചെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.


പുലര്‍ച്ചെ നാല് മണിയോടെ ഗീതാലക്ഷ്മിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടുതുടങ്ങി. പക്ഷെ ആശുപത്രിയില്‍ എത്താന്‍ വാഹനമൊന്നും ലഭിച്ചില്ല. ഏറെ നേരത്തിനുശേഷം ഒരു ഓട്ടോറിക്ഷ സ്ഥലത്തെത്തിയെങ്കിലും അതില്‍ ആശുപത്രിയിലേക്ക് പോകാനാവാത്ത അവസ്ഥയില്‍ എത്തിയിരുന്നു കാര്യങ്ങള്‍. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറുടെ കൂടി സഹായത്തോടെ 108 ആംബുലന്‍സ് വിളിച്ചു. 5.05 മണിയോടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തെതുടര്‍ന്ന് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിൽ സർവ്വിസ് നടത്തുന്ന 108 ആബുലൻസ് 5.15 മണിയ്ക്ക് അമയന്നൂരിലെ ഇവരുടെ താമസസ്ഥലത്ത് എത്തി. അപ്പോഴേക്കും കുട്ടി വെളിയില്‍ വരാറായിരുന്നു.



ഈ നിലയില്‍ ആശുപത്രിയിലേക്ക് മാറ്റാനാവില്ലെന്ന് മനസിലാക്കിയ നഴ്സ് തിരുവാര്‍പ്പ് കടുക്കേമഠത്തില്‍ സൗമ്യയും ആംബുലന്‍സ് പൈലറ്റ് ആര്‍പ്പൂക്കര ആത്മചൈതന്യയില്‍ കണ്ണനുണ്ണിയും ചേര്‍ന്ന് വീട്ടില്‍ തന്നെ പ്രസവത്തിനുള്ള ചട്ടവട്ടങ്ങള്‍ ഒരുക്കി. അമ്മയേയും കുഞ്ഞിനെയും വേര്‍പെടുത്തിയശേഷം ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സൗമ്യ കൈരളി വാര്‍ത്തയോട് പറഞ്ഞു.


തമിഴ് നാട്ടിൽ നിന്ന് വന്ന് അമയന്നൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം വാടക മുറിയിൽ താമസിച്ച് വരുന്ന സേതുപതിയും ഗീതാലക്ഷ്മിയും ആക്രി പെറുക്കി വിറ്റാണ് ജീവിക്കുന്നത്. സേതുപതി - ഗീതാലക്ഷ്മി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണിത്. ഇവരുടെ രണ്ടാമത്തെ കുട്ടിയും സേതുപതിയുടെ അമ്മയും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K