23 March, 2020 02:22:42 PM
ഏറ്റുമാനൂര്‍ നഗരത്തില്‍ സാനിറ്റൈസറുമായി പോലീസുകാരുടെ 'ബ്രേക്ക് ദ ചെയിന്‍' വേട്ട
ഏറ്റുമാനൂര്‍: നഗരത്തില്‍ പതിവിനുവിപരീതമായി പോലീസുകാര്‍ കൂട്ടം കൂടിനിന്ന് വാഹനങ്ങള്‍ തടയുന്നത് കണ്ടവര്‍ ആദ്യമൊന്നമ്പരന്നു. മാത്രമല്ല നടുറോഡില്‍ ബസുകള്‍ വരെ തടഞ്ഞുനിര്‍ത്തി പോലീസുകാര്‍ കൂട്ടത്തോടെ കയറിയിറങ്ങുന്നു. എന്തോ വന്‍ സംഭവമാണെന്ന് കരുതി അടുത്തെത്തിയപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. ഹെല്‍മെറ്റോ സീറ്റുബെല്‍റ്റോ മദ്യപാനമോ ഒന്നുമല്ല വിഷയം. കോവിഡ് 19നെതിരെയുള്ള പ്രതിരോധമാണ്.
നടുറോഡില്‍ തടഞ്ഞുനിര്‍ത്തുന്ന വാഹനങ്ങളിലെ യാത്രികര്‍ക്ക് സാനിറ്റൈസര്‍ ഒഴിച്ചുനല്‍കി കൈകള്‍ ശുദ്ധീകരിച്ചതിനുശേഷം മാത്രമാണ് യാത്ര തുടരാന്‍ അനുവദിച്ചത്. ഒപ്പം കൈകള്‍ ശുചീകരിക്കേണ്ടതിന്‍റെ ആവശ്യകതയും എങ്ങനെ ശുചീകരിക്കണം എന്നതും പറഞ്ഞുകൊടുക്കുന്നുമുണ്ടായിരുന്നു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പെറ്റിയടിക്കുന്ന പോലീസിന്‍റെ കരങ്ങള്‍ കരുതലിന്‍റെയുമാണെന്ന് മനസിലാക്കുകയായിരുന്നു തിങ്കളാഴ്ച രാവിലെ മുതല്‍ ഏറ്റുമാനൂര്‍ നഗരത്തിലൂടെ കടന്നുപോയ വാഹനയാത്രികര്‍.
കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദി ചെയിന്‍ പദ്ധതിയുടെ ഭാഗമായാണ് തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ.തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരത്തിലിറങ്ങിയത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ചെറുവാണ്ടീരില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് പ്രിന്‍സിപ്പാള്‍ ജ്യോതി ഹരീന്ദ്രനും വിദ്യാര്‍ത്ഥികളും കൂടി തയ്യാറാക്കിയ സാനിറ്റൈസര്‍ ആണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസിന് നല്‍കിയത്. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ പ്ലാക്കാര്‍ഡുകള്‍ കഴുത്തില്‍ കെട്ടി തൂക്കിയായിരുന്നു പോലീസുകാര്‍ സേവനത്തിറങ്ങിയത്.