23 March, 2020 02:05:14 PM
'ആനകളില്ലാതെ അമ്പാരിയില്ലാതെ...' വരികള്‍ അന്വര്‍ത്ഥമായി; തിരുനക്കര ആറാട്ട് എഴുന്നള്ളിയത് കാറില്‍
- കെ.ദ്വാരകനാഥ്
കോട്ടയം: 'ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ...' വർഷങ്ങൾക്കു മുൻപ് തെരുവുഗീതം എന്ന സിനിമയ്ക്കായി ബിച്ചു തിരുമല എഴുതിയ വരികൾ ഇന്ന് തിരുനക്കരയില്‍ അന്വർത്ഥമായി. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം ആറാട്ടിനുശേഷം തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ കൊടിറങ്ങി. ആനകളും ആഘോഷങ്ങളും ഇല്ലാതെ. ആറാടാൻ അമ്പലക്കടവിൽ പോയതും തിരികെ വന്നതും കാറിൽ. കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഉത്സവം ചടങ്ങുകളില്‍ ഒതുക്കിയപ്പോള്‍ ഗജവീരന്മാരെയും ഒഴിവാക്കുകയായിരുന്നു.
ആനയും ആഘോഷങ്ങളുമില്ലാതെ നടന്ന ചടങ്ങുകളില്‍ പങ്കു കൊള്ളാനായത് വളരെ കുറച്ചു ഭക്തർക്ക് മാത്രം. നിയന്ത്രണങ്ങളുടെ ഭാഗമായി ആറാട്ട് കടവിലേക്കും തിരിച്ചുമുള്ള എഴുന്നള്ളിപ്പിന് ഒരു ആനയോ ജീവിതയോ ഉപയോഗിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ തിരുനക്കരയിലെ ക്ഷേത്രകുളത്തിലായിരിക്കും ആറാട്ട് നടക്കുക എന്നും സൂചനയുണ്ടായിരുന്നു. ക്ഷേത്രത്തിലെ പൈങ്കുനി, ആടി ഉത്സവങ്ങളുടെ ആറാട്ട് ശ്രീകൃഷ്ണന്‍ കോവിലിന് പിന്നിലുള്ള കുളത്തിലാണ് സാധാരണ നടക്കുക. എന്നാല്‍ ആചാരങ്ങള്‍ തെറ്റിക്കരുതെന്ന അഭിപ്രായം ഉയര്‍ന്നതോടെ കാരാപ്പുഴ അമ്പലക്കടവില്‍ തന്നെ ആറാട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ആള്‍കൂട്ടമുണ്ടായാല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കും ഉപദേശകസമിതിയ്ക്കും എതിരെ നടപടിയുണ്ടാവുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതൊഴിവാക്കാന്‍ അവസാനം കണ്ടുപിടിച്ച വഴിയാണ് കാറില്‍ പോകുക എന്നത്. പൊലീസിന്‍റെ കര്‍ശനനിയന്ത്രണത്തില്‍ തിരക്ക് ഒഴിവാക്കി നടന്ന ആറാട്ടിന് തന്ത്രിയാല്‍ നിയോഗിക്കപ്പെട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കാറിലാണ് എങ്കിലും ആറാട്ട് എഴുന്നള്ളിപ്പ് കടവിലേക്ക് പോയതും തിരികെ വന്നതും എല്ലാ വര്‍ഷവും സഞ്ചരിക്കുന്ന വഴിയിലൂടെ തന്നെയായിരുന്നു. ഏഴാം ഉത്സവദിവസം വരെ ഉത്സവചടങ്ങുകള്‍ക്ക് ആനയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. പള്ളിവേട്ടചടങ്ങുകളും ആനയില്ലാതെയാണ് നടന്നത്.