21 March, 2020 10:16:14 PM
കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അണുവിമുക്തമാക്കും
കോട്ടയം: കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം കോട്ടയം ജില്ലയില്‍ പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബസ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സ്പ്രേയറുകള്‍ ഉപയോഗിച്ചാകും അണു നശീകരണം നടത്തുക.
സര്‍ക്കാര്‍ ഓഫീസുകളില്‍ അണുനശീകരണം നടത്തുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണം. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ പ്രയോജനപ്പെടുത്തി കൈകള്‍ ശുചീകരിക്കാനും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ജില്ലയിലെ പ്രതിരോധ നടപടികള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്ന തിരുവാര്‍പ്പ് പഞ്ചായത്തില്‍ മന്ത്രി പി. തിലോത്തമന്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്‍റെ ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘത്തിനൊപ്പമെത്തിയ മന്ത്രി പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്ന ഒരു കുടുംബവുമായി സംവദിക്കുകയും ചെയ്തു.
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് പിന്തുണയും സഹായവും നല്‍കുന്നുണ്ടെന്ന് പ്രസിഡന്‍റ് അറിയിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, എ.ഡി.എം. അനില്‍ ഉമ്മന്‍,പഞ്ചായത്ത് പ്രസിഡന്‍റ് ജെസി നൈനാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.