21 March, 2020 02:01:24 PM
ഏറ്റുമാനൂരില്‍ 76 പേര്‍ ഹോം ക്വാറന്‍റയിനില്‍: കടകളില്‍ വന്‍തിരക്ക്; സാധനങ്ങള്‍ക്ക് ക്ഷാമം
ഏറ്റുമാനൂര്‍: കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 76 പേര്‍ ഹോം ക്വാറന്‍റയിനില്‍. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 108 വരെയെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് മനസിലാക്കി 14 ദിവസത്തിനുശേഷം നിരീക്ഷണത്തില്‍നിന്നും 32 പേരെ ഒഴിവാക്കിയിരുന്നു. നിരീക്ഷണത്തിലുള്ളവരെല്ലാം വിദേശത്ത് നിന്നെത്തിയവരാണ്. ദുബായില്‍ നിന്നുള്ളവരാണ് ഏറെയും. അതേസമയം ആരിലും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്ന് എഎംഓ ഡോ.സജിത് കുമാര്‍ വ്യക്തമാക്കി.
ഇതിനിടെ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്ക് ക്ഷാമമായി തുടങ്ങി. പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റിലും സിവില്‍ സപ്ലൈസിലും അഭൂതപൂര്‍വ്വമായ തിരക്കാണ് ശനിയാഴ്ച രാവിലെ മുതല്‍ അനുഭവപ്പെട്ടത്. ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദ്ദേശമൊക്കെ കാറ്റില്‍ പറത്തിയായിരുന്നു ആളുകള്‍ തിങ്ങികൂടിയത്. സാധനങ്ങള്‍ കുറയുകയും ആളുകളുടെ വന്‍തിരക്ക് അനുഭവപ്പെടുകയും ചെയ്തതോടെ പല കടകളും ഷട്ടറിട്ടു. പ്രമുഖവസ്ത്രവ്യാപാരസ്ഥാപനം ഉള്‍പ്പെടെ പല കടകളും ശനിയാഴ്ച ഉച്ചയ്ക്ക് മുന്നേ അടച്ചു. ഇനി മാര്‍ച്ച് 31ന് ശേഷമേ തുറക്കു എന്ന നിലപാട് സ്വീകരിച്ച ഒട്ടേറെ വ്യാപാരികളുമുണ്ട്.
കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്‍ ശനിയാഴ്ച വൈകിട്ട് മുതല്‍ ഭക്തർക്ക് പ്രവേശനമനുവദിക്കില്ല. ആള്‍കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ശനിപ്രദോഷമായ ഇന്ന് തന്നെ വിലക്ക് ബാധകമാക്കിയത്. പ്രദോഷദിവസങ്ങളില്‍ ഭക്തജനതിരക്ക് പതിവിലും കൂടുതല്‍ അനുഭവപ്പെടുക സാധാരണമാണ്. ഭക്തര്‍ പ്രവേശിക്കാതിരിക്കാന്‍ ക്ഷേത്രഗോപുരം അടച്ചിടും. എന്നാല്‍ പൂജകൾ പതിവ് പോലെ നടക്കും. കൃഷ്ണന്‍കോവിലിലും ഭക്തര്‍ക്ക് വിലക്കുണ്ട്. തല്‍ക്കാലം ഈ നില മാര്‍ച്ച് 31 വരെ തുടരുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.