20 March, 2020 02:50:26 PM
ഭവനനിര്‍മ്മാണത്തിനും റോഡ് പുനരുദ്ധാരണത്തിനും ഊന്നല്‍ നല്‍കി ഏറ്റുമാനൂര്‍ നഗരസഭാ ബജറ്റ്
ഏറ്റുമാനൂര്‍: ഭവനനിര്‍മ്മാണത്തിനും റോഡ് പുനരുദ്ധാരണത്തിനും ഊന്നല്‍ നല്‍കി ഏറ്റുമാനൂര്‍ നഗരസഭയുടെ പുതുവര്‍ഷത്തെ ബജറ്റ്. നഗരസഭ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് ബജറ്റ് അവതരിപ്പിച്ചു. 75310483 രൂപ മുന്‍ബാക്കിയും 620095145 രൂപ തന്നാണ്ട് വരവും 570439387 രൂപ ചെലവും 49655758 നീക്കിയിരുപ്പും ബജറ്റ് ലക്ഷ്യമിടുന്നു.
ലോകമെങ്ങും കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി 1,30,60,102 രൂപയും ശുചീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി 2,41,25,000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് 2,50,000 രൂപ മാറ്റിവെച്ചു. ഭവനനിര്‍മ്മാണത്തിനും റോഡ് നവീകരണത്തിനും പുനരുദ്ധാരണത്തിനുമാണ് ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ചിട്ടുള്ളത്. യഥാക്രമം 8,67,50,000ഉം 9,04,77,000 രൂപയും. കുടിവെള്ള പദ്ധതികള്‍ക്കായി 1,22,65,000 രൂപ വകയിരുത്തിയപ്പോള്‍ കൃഷിയ്ക്കായി നീക്കിയത് 1,95,44,204 രൂപ.
തുടര്‍ന്നുവരുന്ന പ്രളയം മുന്‍നിര്‍ത്തി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ ഫൈബര്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും തടിവള്ളങ്ങളും വാങ്ങും. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തി. വ്യാപാരസമുശ്ചയം, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, അറവുശാല, ജനകീയ ഹോട്ടല്‍, വൃദ്ധജനങ്ങള്‍ക്കായി വയോക്ലബ്ബുകള്‍, പൊതുശുചിമുറികള്‍, ടേയ്ക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ എന്നീ പദ്ധതികള്‍ക്കും തുക വകയിരുത്തി. നഗരസഭയുടെ നിര്‍മ്മാണം പൂര്‍ത്തീകിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശ്മശാനം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആറംഭിക്കുമെന്നും ലൌലി ജോര്‍ജ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വനിതകളുടെ ഉന്നമനത്തിനായി ആയോധനപരിശീലനം, യോഗ, രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് വിശ്രമകേന്ദ്രത്തിന്‍റെ പരിപാലനം എന്നിവയ്ക്കും തുക വകയിരുത്തി. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപരിപാടികള്‍ക്കായി 11,61,647 രൂപയും തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 5,00,000 രൂപയും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ബജറ്റ് ചര്‍ച്ചയില്‍ മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി.പി.മോഹന്‍ദാസ്, പി.എസ്.വിനോദ്, വിജി ഫ്രാന്‍സിസ്, സൂസന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.