18 March, 2020 07:48:55 PM
ഏറ്റുമാനൂര്‍ നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്: പിന്നില്‍ സിപിഎം അംഗങ്ങളുടെ പോരെന്ന് യുഡിഎഫ്
കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അധികാരവടംവലിയാണ് നഗരസഭയിലെ പ്രശ്നങ്ങള്‍ക്കാധാരമെന്ന് എല്‍ഡിഎഫ്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ വിജിലന്‍സ് പരിശോധന. വിവിധ പദ്ധതികളില്‍ തുടക്കം മുതലേ ക്രമക്കേടുകളും അഴിമതിയും ആരോപിക്കപ്പെട്ടു വരുന്ന നഗരസഭയില്‍ കോട്ടയത്തുനിന്നും എത്തിയ പോലീസ് വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. വനിതാവിശ്രമകേന്ദ്രവും ഷ്രഡിംഗ് യൂണിറ്റ് നിര്‍മ്മാണവും സംബന്ധിച്ച് ആരോപിക്കപ്പെട്ട വിഷയങ്ങള്‍ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. സിപിഎം പ്രതിനിധികളായ കൌണ്‍സിലര്‍മാര്‍ തമ്മിലുള്ള പോരിനെതുടര്‍ന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടന്നതെന്നാണ് ചില യുഡിഎഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള ചേരിപ്പോരും തൊഴുത്തില്‍കുത്തുമാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ പ്രശ്നങ്ങള്‍ക്കാധാരമെന്ന് ഇടത് അംഗങ്ങള്‍ ആരോപിക്കുന്നു.
നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതിയുടെ കീഴിലുള്ള വനിതാവിശ്രമകേന്ദ്രത്തിനും ആരോഗ്യസ്ഥിരംസമിതിയുടെ കീഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിനുംവേണ്ടി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങാന്‍ മുന്‍കൂറായി പണം ചെലവഴിച്ചിരുന്നു എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം കഴിഞ്ഞ ഒക്ടോബറില്‍ നടന്ന കൌണ്‍സിലില്‍ ഉന്നയിച്ചത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം നേതാവുമായ പി.എസ്.വിനോദ് ആയിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ന് നടന്ന വിജിലന്‍സ് പരിശോധനയുടെ പിന്നില്‍ സിപിഎമ്മിന് പങ്കുള്ളതായി യുഡിഎഫിലെ ചില അംഗങ്ങള്‍ പറയുന്നത്.
സ്വന്തം പാര്‍ട്ടിയുടെ പ്രതിനിധിയായ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസിനെതിരെ വിനോദ് ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ വിവാദമായി എന്നു മാത്രമല്ല സിപിഎം അംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തുവരുന്നതിനും കാരണമായിരുന്നു. പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിലേക്ക് യന്ത്രങ്ങള്‍ മേടിക്കാന്‍ അഡ്വാന്‍സ് നല്‍കിയതിലും റിംഗ് കമ്പോസ്റ്റുകളുടെ നിര്‍മ്മാണത്തിലും ക്രമക്കേട് ചൂണ്ടികാട്ടി വിനോദ് ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരുന്നു.
പുതുതായി നിര്‍മ്മിക്കുന്ന ഷ്രംഡിംഗ് യൂണിറ്റിലേക്ക് പ്ലാസ്റ്റിക് പൊടിക്കാനുള്ള യന്ത്രം വാങ്ങുന്നതിന് 10 ലക്ഷം രൂപാ കരാറുകാരന് അഡ്വാന്‍സായി നല്‍കി എന്നതായിരുന്നു വിനോദിന്‍റെ ഒരു ആരോപണം. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട റിംഗ് കമ്പോസ്റ്റ് ഇതു വരെ നിര്‍മ്മിച്ച് വിതരണം ചെയ്തില്ല. എന്നാല്‍ ഇവിടെയും കരാറുകാരന് പത്ത് ലക്ഷം അഡ്വാന്‍സ് നല്‍കി. സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി 24 ലക്ഷം രൂപ വിവിധ നിര്‍മ്മാണങ്ങള്‍ക്കായി നല്‍കാന്‍ കൂട്ടുനിന്ന സെക്രട്ടറിക്കെതിരെ വകുപ്പ് തല നടപടികള്‍ കൈകൊള്ളണമെന്നും വിനോദ് ആവശ്യപ്പെട്ടിരുന്നു.
വിനോദിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടികാട്ടി ടി.പി.മോഹന്‍ദാസ് കൌണ്‍സിലില്‍ മറുപടി നല്‍കിയിരുന്നു. അഴിമതിയ്ക്ക് ചുക്കാന്‍ പിടിക്കുന്ന നഗരസഭയിലെ ചില കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന് സ്വന്തം പാര്‍ട്ടി പ്രിതിനിധികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടികാട്ടി മോഹന്‍ദാസ് വിനോദിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഷ്രഡിംഗ് യൂണിറ്റിലേക്കുള്ള യന്ത്രസാമഗ്രികള്‍ സര്‍ക്കാരിന്‍റെ ക്ലീന്‍ കേരളാ കമ്പനിയാണ് നല്‍കുന്നത്. ശുചിത്വമിഷന്‍ അനുവദിച്ച 9.80 ലക്ഷം രൂപയാണ് കമ്പനിയ്ക്ക് നല്‍കിയതെന്നും മോഹന്‍ദാസ് അന്ന് വ്യക്തമാക്കിയിരുന്നു.
ഇനിയും നിര്‍മ്മാണം തീര്‍ന്നിട്ടില്ലാത്ത വനിതാ വിശ്രമകേന്ദ്രത്തില്‍ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിന് നാല് ലക്ഷം രൂപാ അഡ്വാന്‍സായി നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് പ്രതിനിധി കൂടിയായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസിനെതിരെ വിനോദ് ഉന്നയിച്ച ആരോപണം. നിലവിലെ നഗരസഭാ കാര്യാലയത്തിന് മുകളില്‍ വനിതകള്‍ക്കായി വിശ്രമകേന്ദ്രം ഒരുക്കുന്നതിന് കരാര്‍ ആയെങ്കിലും വിനോദ് ആരോപണം ഉന്നയിക്കുന്ന സമയത്ത് പണികള്‍ ആരംഭിച്ചിരുന്നില്ല. വിശ്രമകേന്ദ്രം നിര്‍മ്മിക്കാനുള്ള സ്ഥലം ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്നതിനുള്ള ഇടമായി ഉപയോഗിക്കുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക ലാപ്സായി പോകാതിരിക്കുന്നതിനാണ് വിശ്രമകേന്ദ്രത്തിലേക്കുള്ള സാധനസാമഗ്രികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചതെന്നും ആ കാലയളവില്‍ ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത് പ്ലാനിംഗ് കമ്മറ്റി ഉപാധ്യക്ഷന്‍ ആയിരുന്ന സിപിഎം അംഗം ബോബന്‍ ദേവസ്യ ആയിരുന്നുവെന്നും സൂസന്‍ തോമസ് പറയുന്നു. എന്നാല്‍ ഈ ആരോപണം ബോബന്‍ ദേവസ്യ നിഷേധിച്ചു. ചെയര്‍മാനും സെക്രട്ടറിയും അറിയാതെ പണം അനുവദിക്കാനാവില്ലെന്നും വനിതാവിശ്രമകേന്ദ്രത്തിന്‍റെ നിര്‍മ്മാണം ഇത് വരെ ആരംഭിച്ചിട്ടില്ലാ എന്നറിയാവുന്ന സെക്രട്ടറി സാധനസാമഗ്രികള്‍ വാങ്ങാന്‍ ചെക്ക് ഒപ്പിട്ടത് തന്നെ വന്‍ അഴിമതിയാണെന്നും അന്ന് ബോബന്‍ ദേവസ്യ പറഞ്ഞിരുന്നു. വിശ്രമകേന്ദ്രത്തിലേക്ക് കട്ടിലുകള്‍, സോഫാ, അലമാര, റഫ്രിജറേറ്റര്‍, ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് അന്ന് അഡ്വാന്‍സ് നല്‍കിയിരുന്നത്.