16 March, 2020 10:38:57 PM


കോട്ടയത്ത് ഹോം ക്വാറന്‍റയിനില്‍ 1301 പേര്‍; ഹോട്ടലുകളില്‍ നിയന്ത്രണം



കോട്ടയം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ ഇപ്പോള്‍  താമസിക്കുന്നവരും പുതിയതായി എത്തുന്നവരുമായ വിദേശ സഞ്ചാരികളുടെ വിവരങ്ങള്‍ എല്ലാ ദിവസവും നല്‍കണമെന്ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ  ഉടമകള്‍ക്ക് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദ്ദേശം നല്‍കി.


ജില്ലയില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 1301 ആയി. ഇന്നലെ 122 പേര്‍ക്കൂ കൂടി പുതിയതായി ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. പത്തനംതിട്ട സ്വദേശിനിയായ യുവതിയെയും രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടിയെയുമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ  കഴിഞ്ഞിരുന്ന മൂന്നു പേരെ ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇപ്പോള്‍ ആകെ ഒന്‍പതു പേരാണ് നിരീക്ഷണത്തിലുള്ളത്.

ഹോട്ടലുകളില്‍ ബുക്കിംഗ് കുറയ്ക്കണം. നേരത്തെ ബുക്ക് ചെയ്തവര്‍ എത്തിയാല്‍ താമസ സൗകര്യം നിഷേധിക്കരുത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പെരുമാറാന്‍ പാടില്ല. ഹോട്ടലുകളില്‍ എത്തുന്നവര്‍ കഴിഞ്ഞ ഒരുമാസം നടത്തിയിട്ടുള്ള യാത്രകളുടെ വിവരങ്ങള്‍ വിശദമായി ശേഖരിച്ചു നല്‍കണം. കൊറോണ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍  14 ദിവസം മുറികളില്‍ തന്നെ കഴിയാന്‍ ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സ ലഭ്യമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുകയും വിവരം കൊറോണ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്യണം.

വിദേശ സഞ്ചാരികള്‍ പൊതു യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിനും താമസിക്കുന്ന പ്രദേശത്ത്  പുറത്തിറങ്ങി നടക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹോട്ടലില്‍ നിന്നു തന്നെ  വാഹനം ഏര്‍പ്പാടാക്കി നല്‍കണം.  ഹോട്ടലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആരോഗ്യവകുപ്പിന്‍റെ നേരിട്ടുള്ള പരിശോധന ഇന്നലെ(മാര്‍ച്ച് 16) ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള പരിശോധനാ സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് ആരംഭിച്ച ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായ കിയോസ്ക്  ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും സ്ഥാപിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഡി.എം.ഒ ഡോ.ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം  പ്രൊജക്ട് മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഡി.റ്റി.പി.സി സെക്രട്ടറി ഡോ.ബിന്ദു നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


932 യാത്രാക്കാരെ പരിശോധിച്ചു; അഞ്ചു പേര്‍ക്ക് ഹോം ക്വാറന്‍റയിന്‍


കോട്ടയം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകളിലും കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലുമായി ഇന്നലെ 932 യാത്രക്കാരുടെ ആരോഗ്യ പരിശോധന നടത്തി. ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഊഷ്മാവാണ് പ്രധാനമായും പരിശോധിക്കുന്നത്.

ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്ക് വിധേയരായ അഞ്ചുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്കു പുറമെ യാത്രക്കാര്‍ക്ക് കൊറോണ ബോധവത്കരണ  ലഘുലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K