16 March, 2020 05:50:18 PM
ബസ് സ്റ്റോപ്പ് സീബ്രാ ലൈനില്‍ ; അപകടമേഖലയായി ഏറ്റുമാനൂര്‍ പടിഞ്ഞാറെനട
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഏതാനും ദിവസം മുമ്പ് കെെസ്ആര്‍ടിസി മിന്നല്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം സീബ്രാ ലൈനില്‍കൂടി റോഡ് മുറിച്ചു കടന്ന വഴിയാത്രക്കാരനെ ടിപ്പര്‍ ലോറി ഇടിച്ചു വീഴ്ത്തി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അനിയന്ത്രിതമായ ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ പോലീസിന്‍റെ അഭാവവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ബസുകള്‍ക്ക് പടിഞ്ഞാറെനടയില്‍ നിന്നും അല്‍പം മാറി ഇരുവശത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ദീര്‍ഘദൂരബസുകളും ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും യാത്രക്കാരെ ഇറക്കി വിടുന്നത് കൃത്യം ജംഗ്ഷനില്‍ നിര്‍ത്തി. ഇവിടെ സീബ്രാ ലൈന്‍ ഉണ്ടെങ്കിലും അനിയന്ത്രിതമായി ബസുകള്‍ ഇങ്ങനെ നിര്‍ത്തുന്നതുമൂലം വഴിയാത്രക്കാര്‍ക്ക് പ്രയോജനപ്പെടാറില്ല.
ടെമ്പിള്‍ റോഡിലൂടെ പോലീസ് ഏര്‍പ്പെടുത്തിയ വണ്‍വേ പരിഷ്കാരം നഗരത്തിലെ ഗതാഗതക്കുരുക്ക് നന്നായി കുറച്ചിരുന്നു. ഇതിനിടെയാണ് മഹാദേവ ക്ഷേത്രം ഉപദേശകസമിതി ടെമ്പിള്‍ റോഡ് തങ്ങളുടേതാണെന്ന അവകാശവാദവുമായി വണ്‍വേ ട്രാഫിക്ക് പരിഷ്കാരത്തിന് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയത്. ഇതോടെ ഏറ്റുമാനൂരിലെ ഗതാഗതനിയന്ത്രണം വീണ്ടും താറുമാറായി. നാട്ടുകാര്‍ക്ക് വേണ്ടാത്ത പരിഷ്കാരങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പോലീസും തയ്യാറായില്ല. ഇതോടെ നഗരത്തിലെ ഏറ്റവും വലിയ അപകടമേഖല ഏറ്റുമാനൂര്‍ പടിഞ്ഞാറെനടയായി മാറുകയായിരുന്നു.