16 March, 2020 05:00:30 PM


ഏറ്റുമാനൂരില്‍ തട്ടുകടകളും ഭിക്ഷാടനവും അനധികൃത കച്ചവടങ്ങളും നിരോധിച്ചു

ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 64 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍



ഏറ്റുമാനൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഭിക്ഷാടനവും വീടുകള്‍ കയറിയിറങ്ങിയുള്ള കച്ചവടങ്ങളും അനധികൃതപിരിവുകളും നിരോധിച്ചു. ഇന്ന് ചേര്‍ന്ന പ്രത്യേക നഗരസഭാ കൌണ്‍സില്‍ യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഒരാഴ്ച മുമ്പ് തന്നെ ഇത് നടപ്പിലാക്കിയിരുന്നു. ഇത് ചൂണ്ടികാട്ടി കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭാ പരിധിയിലാകെ ഭിക്ഷാടനവും പിരിവുകളും നിരോധിക്കണമെന്ന മുന്‍ ചെയര്‍മാന്‍ ജോയി മന്നാമലയുടെ ആവശ്യം യോഗം ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. 


രാത്രികാല തട്ടുകടകള്‍, ബജ്ജികടകള്‍, പകല്‍സമയങ്ങളില്‍ നിരത്തുവക്കുകളില്‍ അനധികൃതമായ നടത്തുന്ന പഴവര്‍ഗ്ഗകച്ചവടങ്ങള്‍,  മറ്റ്  അധികൃതസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ നിരോധിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ മത്സ്യമാര്‍ക്കറ്റില്‍ വരുന്ന വാഹനങ്ങളും അവയിലെ ജീവനക്കാരും രോഗം വ്യാപിക്കുന്നതിന് കാരണമായേക്കാമെന്നതിനാല്‍ മാര്‍ക്കറ്റിലെത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. അതിനുമുമ്പായി മത്സ്യവ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ക്കും. മത്സ്യമാര്‍ക്കറ്റ് കൊറോണ വൈറസിന്‍റെ വ്യാപനത്തിന് പ്രധാന കാരണമായേക്കാമെന്ന ആശങ്ക പല അംഗങ്ങളും പ്രകടിപ്പിച്ചു.


98 പേര്‍ ഏറ്റുമാനൂര്‍ നഗരസപരിധിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരില്‍ 34 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ 64 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍  ടി.പി.മോഹന്‍ദാസ് വെളിപ്പെടുത്തി. വിദേശത്തുനിന്നും എത്തി സ്വന്തം ഭവനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷണം വീടുകളില്‍ എത്തിക്കും. നഗരസഭയില്‍ രൂപം നല്‍കിയ ദുരന്തനിവാരണസേനയെ കൊറോണാ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ, ആഴ്ചകൂട്ട യോഗങ്ങള്‍ റദ്ദാക്കാനും തീരുമാനമായി.


വിദേശികള്‍ നാട്ടിലെത്തുന്നുണ്ടെങ്കില്‍ അത് അധികൃതരെ അറിയിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശം നഗരസഭ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ രണ്ട് ദിവസം താമസിച്ച സ്പെയിന്‍ പൌരന്മാരെയാണ് മൂന്നാറിലേക്കുള്ള യാത്രാമധ്യേ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കുറവിലങ്ങാട് പോലീസ് ഇറക്കി പരിശോധനയ്ക്ക് വിധേയമാക്കിയത്. ജനുവരിയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ എത്തിയ രണ്ട് വിദേശികളെ യാത്രക്കാര്‍ തടഞ്ഞുവെച്ച് ആരോഗ്യവകുപ്പ് അധികൃതരും പോലീസും എത്തി നിരീക്ഷണത്തിനായി പാലായിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K