16 March, 2020 01:00:23 AM
ഇനി 'പീഡിപ്പിച്ചാല്‍' കടകളടക്കും: ഹോട്ടല്‍ റെയ്ഡിനെതിരെ ഏറ്റുമാനൂരിലെ വ്യാപാരികള്‍
ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ വെള്ളിയാഴ്ച രാവിലെ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ രംഗത്ത്. വ്യക്തമായ നിലവാരപരിശോധനകള്‍ ഇല്ലാതെയും ഭക്ഷ്യസുരക്ഷാവകുപ്പിനെ സഹകരിപ്പിക്കാതെയും നടത്തിയ റെയ്ഡ് അന്യായമാണെന്ന് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചൂണ്ടികാട്ടി. നിയമപരമായ ലൈസന്‍സുകള്‍ എടുത്തും നികുതി നല്‍കിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുനേരെയുള്ള നീക്കം വ്യാപാരികളെയും ആയിരക്കണക്കിന് തൊഴിലാളികളെയും പട്ടിണിയിലേക്ക് തള്ളിവിടുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഏറ്റുമാനൂര്‍ യൂണിറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. ഇത്തരം പീഡനങ്ങള്‍ തുടര്‍ന്നാല്‍ സമ്പൂര്‍ണ്ണ കടയടപ്പ് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് എന്‍.പി.തോമസ് പത്രകുറിപ്പില്‍ അറിയിച്ചു
കഴിഞ്ഞ ദിവസം തെള്ളകം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നഗരസഭ നടത്തിയ പരിശോധനയില്‍ എട്ട് ഹോട്ടലുകളില്‍ നിന്ന് ഫ്രിഡ്ജിൽ തുറന്ന് സൂക്ഷിച്ചിരുന്ന കറികള്‍ ഉള്‍പ്പെടെ ഒട്ടേറെ പഴകിയ ഭക്ഷ്യവസ്തുക്കളും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കളറുകളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. ഒരു പ്രമുഖഹോട്ടലിന്‍റെ ശാഖയായി അടുത്തിടെ ആരംഭിച്ചതുള്‍പ്പെടെ തെള്ളകത്തും ഏറ്റുമാനൂരിലും നാല് വീതം ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളില്‍ മോശം ഭക്ഷണം വിളമ്പുന്നത് വ്യാപകമായ പരാതിയ്ക്കിടയാക്കിയ സാഹചര്യത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണവും നിരോധിതഉത്പന്നങ്ങളും പിടികൂടിയ ഹോട്ടലുകള്‍ക്ക് പിഴയടയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.
ഇതിനിടെ നഗരസഭയുടെ പരിശോധന കൌണ്‍സില്‍ തീരുമാനമില്ലാതെയെന്നും നിയമപരമല്ലെന്നും ആരോപിച്ച് ചില ഹോട്ടലുടമകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഹോട്ടല്‍ നടത്താന്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത് മോശമായതും പഴകിയതുമായ ഭക്ഷണം വിളമ്പാനല്ലെന്ന് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായുള്ള ഇത്തരം പരിശോധനകള്‍ നടത്തുന്നതിന് കൌണ്‍സില്‍ തീരുമാനത്തിന്‍റെ ആവശ്യമില്ലെന്നും ഇത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും മോഹന്‍ദാസ് പറഞ്ഞു.
പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെത്തിയതിന് നഗരസഭ പിഴയടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഹോട്ടലുകള്‍ : (1) ആദാമിന്‍റെ ചായക്കട, തെള്ളകം, (2) ഹോട്ടല്‍ കലവറ, ഏറ്റുമാനൂര്‍, (3) ഹോട്ടല്‍ ഐശ്വര്യ, കാരിത്താസ് കവല (4) ഹോട്ടല്‍ ബേസ് റൌമ, കാരിത്താസ് കവല (5) ഹോട്ടല്‍ എസ്കാലിബര്‍, തെള്ളകം, (6) മായ റസ്റ്റോറന്‍റ്, മംഗരകലുങ്ക്, (7) ഹോട്ടല്‍ പിവിഎസ്, ഏറ്റുമാനൂര്‍, (8) ആര്‍ ആര്‍ റസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍.