14 March, 2020 10:44:28 PM
ഫ്രഞ്ചുകാരെ വിട്ടയച്ചു; മലയോര മേഖലയില്‍ നൂറോളം പേര്‍ നിരിക്ഷണത്തില്‍
- നൗഷാദ് വെംബ്ലി
മുണ്ടക്കയം: കൊറോണ മുന്‍ കരുതലിന്‍റെ പേരില്‍ മുണ്ടക്കയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ഫ്രഞ്ചു സ്വദേശികളെ രോഗബാധയില്ലന്ന മനസിലാക്കിയതിനെ തുടര്‍ന്നു വിട്ടയച്ചു. കഴിഞ്ഞ നാലു ദിവസംമുമ്പ് തേക്കടിയിലേക്ക് പോയ നാലംഗ ഫ്രഞ്ചു സ്വദേശികളെയാണ് ആരോഗ്യ വകുപ്പ് അധികാരികള്‍ കണ്ടെത്തി നിരീക്ഷണത്തില്‍ കസ്റ്റഡിയിലാക്കിയത്. മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഘം താമസിച്ചു വന്നത്. പതിനൊന്നു ദിവസം മുമ്പ് ഇന്ത്യയിലെത്തിയ സംഘത്തെ മൂന്നു ദിവസം നിരീക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം. 14 ദിവസമായി രോഗ ലക്ഷണണങ്ങള്‍ കണ്ടെത്താനാവാത്തതിനാലാണ് ഇവരെ വിട്ടയച്ചത്.
വിദേശത്തുനിന്നെത്തിയ 95 പേര്‍ മേഖലയില്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കൊറോണഭീതിയില്‍ അവധി വാങ്ങി നാട്ടിലേക്കു തിരിക്കുകയായിരുന്നു. നാട്ടിലെത്തിയാല്‍ 14മുതല്‍ 28 ദിവസം വരെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനമുളളതിനാലാണ് ഇവര്‍ വീടുകളില്‍ സുരക്ഷതമാക്കിയിരിക്കുന്നത്.പുറത്തു പൊതുസ്ഥലങ്ങളില്‍ പോകാതിരിക്കാനും മറ്റുളളവരുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനും കര്‍ശന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പു ഇവര്‍ക്കു നല്‍കിയിരിക്കുന്നത്. വിവാഹ,മരണ വീടുകളിലും ആരോഗ്യ വകുപ്പിന്‍റെ നിയന്ത്രണത്തിലാണ്.
കൂട്ടിക്കല്‍, ഏന്തയാര്‍ പ്രദേശങ്ങളിലെ മരണ വീടുകളില്‍ ശനിയാഴ്ച ആരോഗ്യ വകുപ്പ് എത്തി കൂട്ടം ചേരാതിരിക്കാനുളള നിര്‍ദ്ദേശം നല്‍കി.മൃതദേഹം കണ്ടാലുടന്‍ വീടുവിട്ടുപോകണണെന്നായിരുന്നു വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.
മുണ്ടക്കയത്ത് കുട്ടികളടക്കം 59 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 29 പുരുഷന്‍മാരും, 24 സ്ത്രികളും ഉള്‍പ്പെടുന്നു. കൂട്ടിക്കലില്‍ 12 പേരും കോരുത്തോട്ടില്‍ 24 പേരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ 15 പേര്‍ പുരുഷന്‍മാരും 9 പേര്‍ സ്ത്രികളുമാണ്.