14 March, 2020 02:03:24 PM
കൊറോണ: ഏറ്റുമാനൂരില്‍ 64 പേര്‍ നിരീക്ഷണത്തില്‍; പരിഭ്രമം വേണ്ടെന്ന് അധികൃതര്‍
ഏറ്റുമാനൂര്‍: കൊറോണാ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ എണ്ണം 74 വരെയെത്തി. 14 ദിവസത്തിനുശഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ 10 പേരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി. എങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാല് പേരെ കൂടി ഇന്ന് നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കുമെന്ന് സാമൂഹിക ആരോഗ്യകേന്ദ്രം അഡ്മിനിയ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ സജിത്കുമാര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. അതേസമയം, നഗരപരിധിയില്‍ എങ്ങും കൊറോണ രോഗലക്ഷണങ്ങള്‍ ഇതുവരെ പ്രകടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരിഭ്രമം വിട്ട് ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിരീക്ഷണത്തിലുള്ളവരില്‍ ഏഴ് പേര് ഇറ്റലിയില്‍ നിന്നെത്തിയവരാണ്. ഏറ്റുമാനൂര്‍, പുന്നത്തുറ, പേരൂര്‍ പ്രദേശങ്ങളിലാണ് ഇവരുടെ വീടുകള്‍. മറ്റുള്ളവര്‍ അമേരിക്ക, ഖത്തര്‍, ബഹ്റൈന്‍, ഇംഗ്ലണ്ട്, കുവൈറ്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും എത്തിയിട്ടുള്ളവരാണ്. 74 പേരില്‍ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയവര്‍ എല്ലാം അമേരിക്കയില്‍ നിന്ന് എത്തിയവരാണ്. ഇതിനിടെ തെള്ളകത്ത് നിന്ന് കൊറോണയെന്ന സംശയത്തില്‍ നേരത്തെ ആശുപത്രിയിലെത്തിയ ആളുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെന്ന് നഗരസഭാ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് വെളിപ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതാനടപടികള്‍ നഗരസഭ സ്വീകരിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.
ജില്ലയില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി ഇന്നലെ രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും ദുബായില്‍നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 11 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളുമാണുള്ളത്. പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ 155 പേര്‍ക്കുകൂടി ആരോഗ്യ വകുപ്പ് പൊതുസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 11 പേരും പ്രൈമറി കോണ്‍ടാക്ടുകളുമായി ഇടപഴകിയ 51 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 1051 ആയി. കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകളായി 112 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായി 427 പേരെയുമാണ് ജില്ലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.