12 March, 2020 08:32:20 PM
അഞ്ജുവിന്‍റെയും ആശയുടെയും ഓര്‍മ്മകള്‍ കാണക്കാരിയില്‍ തങ്ങിനില്‍ക്കും; അംഗന്‍വാടിയിലൂടെ
ഏറ്റുമാനൂര്‍: ആസ്ട്രേലിയയിൽ വാഹന അപകടത്തിൽ മരണമടഞ്ഞ കാണക്കാരി പ്ലാപ്പളളിയിൽ അഞ്ജുവിന്‍റെയും ആശയുടെയും ഓര്‍മ്മകള്‍ ഇനി ഗ്രാമത്തില്‍ തങ്ങിനില്‍ക്കും. പുതുതായി നിര്‍മ്മിക്കുന്ന അംഗന്‍വാടിയിലൂടെ. തങ്ങളുടെ പ്രിയമക്കളുടെ ഓര്‍മ്മയ്ക്കായി ബേബി - ആലീസ് ദമ്പതികള്‍ ദാനമായി നല്‍കിയ 4 സെന്‍റ് സ്ഥലത്താണ് സഹോദരിമാരുടെ ഓര്‍മ്മകള്‍ തങ്ങുന്ന അംഗന്‍വാടി ഉയരുന്നത്.
2016 മെയില്‍ ആസ്ത്രേലിയയിലെ ബ്രിസ്ബണിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് അഞ്ജുവും ആശയും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ജുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അഞ്ജുവും സഹോദരിമാരായ അനു, എബി എന്നിവരും ബ്രിസ്ബണില്‍ നഴ്സ്മാരായി ജോലി ചെയ്യുകയായിരുന്നു. ഇളയ സഹോദരിയായ ആശ പ്ലസ്ടൂ കഴിഞ്ഞ് നഴ്സിംഗ് പഠനത്തിനായി രണ്ട് മാസം മുമ്പാണ് ആസ്ത്രേലിയയില്‍ അഞ്ജുവിന്‍റെ അടുത്ത് എത്തി രണ്ട് മാസമായപ്പോഴാണ് അപകടമുണ്ടായത്. സഹോദരി അനുവിനെ അവരുടെ താമസസ്ഥലത്താക്കിയ ശേഷം അഞ്ജുവും ആശയും തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
പുതിയ കെട്ടിട നിർമ്മാണത്തിനായി കടുത്തുരുത്തി എം എൽ എ അഡ്വ. മോൻസ് ജോസഫിന്‍റെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും അനുവദിച്ചു. കാണക്കാരി ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൽ "അഞ്ജു- ആശ പ്ലാപ്പളളിയിൽ മെമ്മോറിയൽ അംഗൻവാടി"യുടെ കെട്ടിടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ ഇന്നലെ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയി പി ചെറിയാന്‍റെ അദ്ധ്യക്ഷതയിൽ പഞ്ചായത്തംഗങ്ങളായ ബ്ലസ്സി എസ് മരിയ, റോയി ചാണകപ്പാറ, വിനു വാസുദേവ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്, അംഗന്‍വാടി ടീച്ചർ ശ്രീദേവി, സൈജു കല്ലള യിൽ, ബിജു ജോസഫ്, സുനോജ് കോട്ടാശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.