12 March, 2020 07:49:14 PM
നഗരമധ്യത്തിലെ മാലിന്യകൂമ്പാരം: ദേവസ്വം ബോര്‍ഡിന് പിഴയിട്ട് ഏറ്റുമാനൂര്‍ നഗരസഭ
ഏറ്റുമാനൂര്‍: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ദേവസ്വം ബോര്‍ഡിന് പിഴയിട്ട് നഗരസഭ. ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിന്‍റെ ബാക്കിപത്രമായി ടെമ്പിള്‍ റോഡില്‍ പ്രത്യക്ഷപ്പെട്ട മാലിന്യകൂമ്പാരത്തിനെതിരെയാണ് നഗരസഭയുടെ നടപടി. 15000 രൂപ പിഴയടയ്ക്കാന്‍ ഉത്തരവിട്ട് കൊണ്ടാണ് നഗരസഭാ സെക്രട്ടറി ഇന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയത്.
ഏറ്റുമാനൂര്‍ നഗരസമധ്യത്തിലെ മാലിന്യകൂമ്പാരം നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയത് കൈരളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്സവത്തിന് കടകള്‍ കെട്ടി കച്ചവടം നടത്തുന്നതിന് ക്ഷേത്രപരിസരം ലേലം ചെയ്തു നല്‍കിയതിലൂടെ ലക്ഷങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേടിയെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കടകളില്‍നിന്നുള്ള മാലിന്യം സംസ്കരിക്കേണ്ടതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ദേവസ്വത്തിനാണെന്ന് നഗരസഭ ചൂണ്ടികാട്ടുന്നു. എന്നാല്‍ അതിന് മുതിരാതെ പ്ലാസ്റ്റികും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലത്ത് കൂട്ടിട്ടത് ഗുരുതരമായ കുറ്റമാണെന്ന് നഗരസഭ ആരോഗ്യകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.
ക്ഷേത്രമൈതാനത്തും പൊതുമരാമത്ത് വകുപ്പ് വക ടെമ്പിള്‍ റോഡിലും കച്ചവടം നടത്തുന്നതിന് കുത്തകലേലം നടത്തി ലക്ഷങ്ങള്‍ ദേവസ്വം വാരികൂട്ടിയിരുന്നു. മഴപെയ്ത് നനഞ്ഞ് മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിട്ടും ക്ഷേത്രം അധികൃതര്‍ അനങ്ങിയില്ല. എന്തിനും ഏതിനും കോടതിവിധിയും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളുമായി രംഗത്തുവരുന്ന ഉപദേശകസമിതിയും മാലിന്യത്തിന് മുന്നില്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. കച്ചവടത്തിന് സ്ഥലം ലേലം കൈകൊണ്ടവരും കാര്യം കഴിഞ്ഞപ്പോള്‍ പൊടിതട്ടിപോയി.
നാടെങ്ങും കൊറോണാ ഭീതി പരക്കവെ ടെമ്പിള്‍ റോഡരികിലെ ഈ മാലിന്യകൂമ്പാരം പരിസരവാസികള്‍ക്ക് മാത്രമല്ല ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും നഗരത്തിലും വന്നുപോകുന്നവര്‍ക്കും ഭീഷണിയായി. ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നഗരസഭയ്ക്ക് ഇടപെടാന്‍ പറ്റാതായി. ഹരിതകര്‍മ്മസേന അംഗങ്ങളെ ഉപയോഗിച്ച് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വേര്‍തിരിച്ച് സ്ഥലത്ത് നിന്നു മാറ്റാന്‍ നഗരസഭ തയ്യാറായി. പിഴയടയ്ക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള നോട്ടീസ് ആരോഗ്യകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസിന്‍റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ് ആണ് ദേവസ്വത്തിന് കൈമാറിയത്.