12 March, 2020 01:40:03 AM


വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം; കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമെന്ന് നാട്ടുകാർ

കോട്ടയം: പാത്രം വിൽക്കാൻ എന്ന വ്യാജേന എത്തിയ മൂന്നംഗ മോഷണസംഘം ഭീതി പടർത്തി. നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം 4നാണ് കൂരോപ്പട പഞ്ചായത്തിലെ എരുത്തുപുഴയിൽ ലക്ഷംവീട് കോളനിക്ക് സമീപമുള്ള ചിറയ്ക്കൽ സിബിയുടെ വീട്ടിൽ മൂന്നംഗ മോഷണസംഘം എത്തിയത്. പാത്രം വില്പനക്കാർ എന്ന വ്യാജേന എത്തിയ സംഘത്തിലെ ഒരാൾ വീടിന്റെ പരിസരത്ത് എത്തി ഓടി മറയുന്നത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ കണ്ടിരുന്നു. സിബിയുടെ വീട്ടിൽ ഈ സമയം ഭാര്യ നിഷയും മക്കളും മാത്രമാണുണ്ടായിരുന്നത്. പരിസരത്തെ തോട്ടത്തിൽ ഇവർ നിൽക്കുന്നതും കുട്ടി കണ്ടിരുന്നു.
വൈകിട്ട് 6.30ന് സിബിയുടെ വീടിന്റെ പിന്നിൽ വീണ്ടും മൂന്നംഗ സംഘം എത്തുകയായിരുന്നു. കുളിക്കാനിറങ്ങിയ സിബിയുടെ മകൻ ജോർജിൻ വീടിന്റെ പിന്നിലെ ലൈറ്റ് തെളിച്ചപ്പോൾ മൂന്നംഗ സംഘം ജോർജിനെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ നിഷ ശബ്ദമുണ്ടാക്കി അയൽവാസികളെ വിളിച്ചപ്പോഴേക്കും മോഷ്ടാക്കൾ ഓടി മറഞ്ഞിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാമ്പാടി പോലീസും സ്ഥലത്ത് എത്തി വാഹന പരിശോധനകൾ ഉൾപ്പെടെ നടത്തി. തൊട്ടടുത്തുള്ള ആശ്രമം പടിയിൽ നിന്ന് ബംഗാൾ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും മോഷണസംഘാംഗമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പാമ്പാടി പോലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. പട്ടാപ്പകൽ ആറ് മക്കളുള്ള സിബിയുടെ വീട് ലക്ഷ്യമിട്ട് മൂന്നംഗ സംഘം എത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K