11 March, 2020 12:28:03 PM
കൊറോണാ ഭീതി: ഏറ്റുമാനൂരില്‍ 34 പേര്‍ നിരീക്ഷണത്തില്‍; 7 പേര്‍ ഇറ്റലിയില്‍നിന്ന് എത്തിയവര്‍
ഭിക്ഷാടനവും പിരിവുകളും വീടുകള്‍ കയറിയിറങ്ങിയുള്ള വ്യാപാരവും നിരോധിച്ച് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍
ഏറ്റുമാനൂര്‍: കൊറോണാ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 34 പേര്‍ നിരീക്ഷണത്തില്‍. ഇവരില്‍ ഏറ്റുമാനൂര്‍, പുന്നത്തുറ, പേരൂര്‍ പ്രദേശങ്ങളിലായുള്ള ഏഴ് പേര് ഇറ്റലിയില്‍ നിന്നെത്തിയവരാണ്. മറ്റുള്ളവര്‍ ഖത്തര്‍, ബഹ്റൈന്‍, ഇംഗ്ലണ്ട്, കുവൈറ്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും എത്തിയിട്ടുള്ളവരാണ്. ഇവര്‍ക്കാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നും മുന്‍കരുതലിന്‍റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലാണെന്നും ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യസ്ഥിരംസമിതി ചെയര്‍മാന് ടി.പി.മോഹന്‍ദാസ് കൈരളി വാര്‍ത്തയോട് പറഞ്ഞു. തെള്ളകത്ത് നിന്ന് കൊറോണയെന്ന സംശയത്തില്‍ ആശുപത്രിയിലെത്തിയ ആളുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം വൈറസ് ബാധയ്ക്കെതിരെ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. സ്വകാര്യ - കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റുകളില്‍ യാത്രക്കാരുടെ ശുചിത്വം മുന്‍നിര്‍ത്തി കൈകള്‍ കഴുകുന്നതിനും മറ്റുമായി സാനിറ്റൈസറുകള്‍ ഉള്‍പ്പെടെ വാഷ് ബേസിനുകള്‍ ഇന്ന് തന്നെ സ്ഥാപിക്കും. നഗരസഭാ ഓഫീസിലും ഈ സൌകര്യമുണ്ടാകും. ഓഡിറ്റോറിയങ്ങള്‍ മാര്‍ച്ച് 31 വരെ പരിപാടികള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ അധികൃതര്‍ പരിശോധന നടത്തും.
കോവിഡ് 19 പകരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യപ്രവര്‍ത്തകരും നഗരസഭയുടെ ഹരിതകര്‍മ്മസേനാംഗങ്ങളും ഭവനസന്ദര്‍ശനം നടത്തും. രോഗബാധയില്‍ ഭയം വേണ്ടെന്നും ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും സൂചിപ്പിക്കുന്ന നോട്ടീസുകള്‍ വിതരണം ചെയ്യുന്നതിന് പുറമെ നാടുനീളെ പോസ്റ്ററുകള്‍ പതിക്കും. മെഡിക്കല്‍ സ്റ്റോറുകളിലും സ്വകാര്യ ആശുപത്രികളിലും മാസ്കിനും സാനിറ്റൈസറിനും അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അതും പരിശോധനയ്ക്ക് വിധേയമാക്കും.
നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ അധ്യക്ഷതയില്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ്, മെഡിക്കല്‍ ഓഫീസര്‍ സജിത് കുമാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ബിനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ്, സൂപ്രണ്ട് സുലഭ, ബിജു കൂമ്പിക്കന്‍, മിനിമോള്‍ കെ.ആര്‍. ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്ത യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
ഭിക്ഷാടനവും പിരിവുകളും നിരോധിച്ച് റസിഡന്‍റ്സ് അസോസിയേഷന്‍
ഏറ്റുമാനൂര്‍: ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പരിധിയില്‍ ഭിക്ഷാടനവും വീടുകള്‍ കയറിയിറങ്ങിയുള്ള കച്ചവടവും ചാരിറ്റിയുടെ പേരില്‍ എത്തുന്നതുള്‍പ്പെടെയുള്ള വിവിധ പിരിവുകളും നിരോധിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൊറോണാ വൈറസ് ഭീഷണിയും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ അപരിചിതരാല്‍ സൃഷ്ടിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് ഈ തീരുമാനം.
ഏറ്റുമാനൂര്‍ നഗരസഭയുടെ 33, 34, 35 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന അസോസിയേഷന്‍ പരിധിക്കുള്ളില്‍ ലോട്ടറി വില്‍പ്പനയും തല്‍ക്കാലം നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. വൈസ് പ്രസിഡന്‍റ് എം.എസ്.രാജുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, ബി.അരുണ്‍കുമാര്‍, എ.വി.പ്രദീപ്കുമാര്‍, ബിജു ജോസഫ്, ജി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
.