10 March, 2020 07:45:56 PM


സ്വകാര്യ ആശുപത്രിയില്‍ മാസ്കിന് വില രാവിലെ 2 രൂപ; ഉച്ചകഴിഞ്ഞ് 16 രൂപ



കോട്ടയം : സംസ്ഥാനം കൊറോണാഭീതിയില്‍ നില്‍ക്കെ മാസ്കിന് വിലകൂട്ടി സ്വകാര്യ ആശുപത്രികളിലും. മാസ്കിനും സാനിറ്റൈസറിനും വിലകൂട്ടിവില്‍ക്കുന്നു എന്ന പരാതികളുടെയടിസ്ഥാനത്തില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ആശുപത്രികളിലും കൊള്ളനടക്കുന്നത്.


തെള്ളകത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ മാസ്ക് ഒന്നിന് രണ്ട് രൂപയായിരുന്നു വില. ഉച്ചകഴിഞ്ഞ് ചെന്നപ്പോള്‍ 15.24 രൂപയായി വില. നികുതി പുറമെ. ഇതേപറ്റി ചോദിച്ചപ്പോള്‍ രാവിലെ വിറ്റത് പഴയ സ്റ്റോക്കായിരുന്നുവെന്നും 16 രൂപയ്ക്ക് വില്‍ക്കുന്നത് പുതിയ സ്റ്റോക്കാണെന്നുമായിരുന്നു മറുപടി. വിപണിയില്‍ മാസ്ക് ലഭിക്കാതായതോടെ ആശുപത്രി വിലകൂട്ടിവില്‍ക്കുന്നുവെന്നാണ് രോഗികളുടെ ആരോപണം.


അതേസമയം, തൊട്ടടുത്തുള്ള ആശുപത്രികളില്‍ മാസ്ക് ലഭിക്കാതായിട്ട് ദിവസങ്ങളായി. പുതിയ സ്റ്റോക്ക് വരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍നിന്നും മാസ്ക് വിറ്റത് 20 രൂപയ്ക്ക്. തൊട്ടടുത്ത ദിവസം വരെ 3 രൂപയ്ക്ക് വിറ്റിരുന്ന മാസ്കാണിത്. ആശുപത്രിയില്‍ മാസ്കിന് വിലകൂട്ടി വില്‍ക്കുന്നത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് എഡിഎം അനില്‍ ഉമ്മന്‍ പറഞ്ഞു. കൊറോണ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിലകൂട്ടുവാനായി മാസ്ക് വിപണിയിലെത്തിക്കാതെ പൂഴ്ത്തിവെക്കുന്നതായും ആരോപണമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K