10 March, 2020 06:29:21 PM
കൊറോണ: എന്‍ഫോഴ്‌സ്‌മെന്‍റ് നടപടികള്‍ക്ക് നിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ്
കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 17 വരെ പട്രോളിംഗ് മാത്രമായിരിക്കും നടത്തുക. ആവശ്യഘട്ടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് എന്‍ഫോഴ്‌സ്‌മെന്‍റ് വാഹനം ഉപയോഗിക്കും.
ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കും നിയന്ത്രണമുണ്ട്. ടെസ്റ്റ് അനിവാര്യമായി നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ പങ്കെടുക്കുന്നവരും ഉദ്യോഗസ്ഥരും മുഖാവരണം ധരിക്കണം. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതിനുളള സംവിധാനങ്ങള്‍ ബസ് സ്റ്റാന്‍ഡുകളില്‍ ഒരുക്കണം. കൊറോണ പ്രതിരോധ മുന്‍കരുതലുകളെ കുറിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസുകള്‍ ബസുകളില്‍ പതിക്കാവുന്നതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.