09 March, 2020 11:12:24 AM
ഇറ്റലിയില്‍ നിന്ന് എത്തിയവര്‍ ഏറ്റുമാനൂരിലും: നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്
ഏറ്റുമാനൂര്‍: ഇറ്റലിയില്‍നിന്നെത്തിയ നാല് പേര് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍. ഇവര്‍ അവരവരുടെ ഭവനങ്ങളില്‍ നിരീക്ഷണത്തിലാണെന്ന് ഏറ്റുമാനൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ ആര്‍എംഓ സജിത്കുമാര്‍ പറഞ്ഞു. ഇതിനിടെ വിവാഹത്തിനായി ഇറ്റലിയിൽ നിന്നും ഏതാനും ദിവസം മുമ്പ് ഏറ്റുമാനൂർ പുന്നത്തുറ ഭാഗത്ത് എത്തിയവർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇവർ എത്തിയ വിവരം നാട്ടുകാർ തന്നെ ആരോഗ്യ വകുപ്പിൽ അറിയിച്ചതായാണ് അറിയുന്നത്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ചികിത്സാ സഹയാത്തിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1056ലും കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്‍ട്രോള്‍ റൂമിലും (0481 2581900) ബന്ധപ്പെടാം. കൊറോണ സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊറോണ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ബാബു അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ എട്ടു പേര്‍ക്ക് വീട്ടില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജില്ലയില്‍ 83 പേരാണ് ഹോം ക്വാറന്‍റയിനില്‍ കഴിയുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.