07 March, 2020 08:07:56 PM
അപകടപരമ്പര: റോഡ് കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും
ഏറ്റുമാനൂര്‍: അപകടങ്ങള്‍ ക്ഷണിച്ചുവരുത്തി റോഡ് കയ്യേറ്റം. എം.സി.റോഡ് അരികില്‍ നെടുനീളെ കയ്യേറി സ്ഥാപിച്ചിരിക്കുന്ന കടകളും പടുകൂറ്റന്‍ ബോര്‍ഡുകളും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും ഒഴിപ്പിക്കാന്‍ തയ്യാറായി പൊതുമരാമത്ത് വകുപ്പ്, റവന്യു അധികൃതര്‍ രംഗത്തിറങ്ങുന്നു. റോഡ് നവീകരണത്തിനായി വന്‍വില കൊടുത്ത് ഏറ്റെടുത്ത സ്ഥലത്തെല്ലാം വന്‍തോതില്‍ കയ്യേറ്റം ഉണ്ടായതോടെ വീതികൂട്ടിയതിന്‍റെ പ്രയോജനം പലയിടത്തും ലഭിക്കുന്നില്ല എന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.
9-ാം തീയതി മുതല്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതരിപ്പോള്‍. ഏറ്റുമാനൂര്‍ നഗരസഭയും ഇതേ തീരുമാനവുമായി രംഗത്തെത്തി. ഹൈക്കോടതി പെബ്രുവരി 26ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നീക്കം. എം.സി.റോഡില്‍ മാത്രമല്ല നഗരസഭാ പരിധിയിലെ പൊതുനിരത്തുകളിലും കവലകള്‍, പാലങ്ങള്‍, മീഡിയനുകള്‍, വഴിയോരകൈവരികള്‍, നടപ്പാതകള്‍ തുടങ്ങി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന കമാനങ്ങള്‍, ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ചുവരെഴുത്തുകള്‍ എന്നിവ മാര്‍ച്ച് 10ന് മുമ്പ് നീക്കം ചെയ്തിരിക്കണമെന്ന് നഗരസഭ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
ഇപ്രകാരമുള്ള പ്രചാരണവസ്തുക്കളും മറ്റും നഗരസഭാ പരിധിയില്‍ സ്ഥാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാവുമെന്ന് നഗരസഭാ സെക്രട്ടറിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. കോടതി വിധി പ്രകാരം ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം കുറഞ്ഞത് പതിനായിരം രൂപ പിഴ ഈടാക്കുന്നതോടൊപ്പം മുനിസിപ്പല്‍ ആക്ട്, റോഡ് സുരക്ഷാനിയമം, പോലീസ് നിയമം മുതലായവ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭ അറിയിച്ചു.